കൊട്ടാരക്കര: കൊട്ടാരക്കര ലോവര്‍ കരിക്കം ഭാഗത്ത് നിന്ന് കുട്ടികളടക്കം പത്ത് ബംഗ്ലാദേശി പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. രേഖകളില്ലാതെയും വ്യാജരേഖകള്‍ ഉപയോഗിച്ചും പന്ത്രണ്ട് വർഷത്തിലധികമായി ഇവർ ഈ പ്രദേശത്ത് താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചവറയിൽ നിന്ന് രണ്ട് ബംഗ്ലാദേശി പൗരന്മാരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കരയിൽ അനധികൃതമായി താമസിക്കുന്ന ഇവരെ കണ്ടെത്തിയത്.
പിടിയിലായവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഇവർ എങ്ങിനെയാണ് ഇത്രയും കാലം ഇവിടെ താമസിക്കാൻ ഇടയായത്, വ്യാജരേഖകൾ നിർമ്മിക്കാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ഏജൻസികളും സംഭവത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.