കൊച്ചി: വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് ജില്ലയിൽ മഴയും കാറ്റും ശക്തമായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സങ്ങളുണ്ടായി. ഇതിനിടെ, മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം നാടിനെയാകെ നടുക്കി.
മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കടവ് കടവിൽ കുളിക്കാനിറങ്ങിയ 17 വയസ്സുള്ള അശ്വിൻ, ക്രിസ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ അശ്വിന്റെ മൃതദേഹം അപകടം നടന്ന സ്ഥലത്തിനടുത്ത് നിന്ന് കണ്ടെടുത്തു. കാണാതായ ക്രിസിനായി ഫയർഫോഴ്സും സ്കൂബ ടീമും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിവരവെയാണ് ഇരുവരും കുളിക്കാനിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ആലുവ എടക്കാട്ടിൽ ക്ഷേത്രമുറ്റത്ത് നിന്നിരുന്ന ഏകദേശം 200 വർഷം പഴക്കമുള്ള വൻ ആൽമരം മഴയിലും കാറ്റിലും തകർന്നു വീണു. കെട്ടിടത്തിനും സമീപം പാർക്ക് ചെയ്തിരുന്ന കാറിനും മുകളിൽ മരം വീണ് നാശനഷ്ടങ്ങളുണ്ടായി. ജില്ലയിലുടനീളം വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അങ്കമാലി, മൂവാറ്റുപുഴ മേഖലകളിൽ റബ്ബർ, കോക്കോ, ജാതി തുടങ്ങിയ നാണ്യവിളകളും പച്ചക്കറി കൃഷികളും വ്യാപകമായി നശിച്ചു. മൂവാറ്റുപുഴയിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി റവന്യൂ ഉദ്യോഗസ്ഥർ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.