തിരുവനന്തപുരം/കൊല്ലം: തിരുവനന്തപുരത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവരെ കണ്ടെത്താൻ നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായാണ് രക്ഷാദൗത്യം തുടരുന്നത്. നിലവിൽ പ്രതികൂല കാലാവസ്ഥയും ശക്തമായ കടൽക്ഷോഭവും തിരച്ചിലിന് വലിയ വെല്ലുവിളിയായി മാറുന്നുണ്ട്.
നീണ്ടകരയിൽ തിരച്ചിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ അതിവേഗ പട്രോളിങ് കപ്പലായ ഐഎൻഎസ് കൽപേനി മേഖലയിൽ വിന്യസിച്ചു. കൊച്ചിയിൽ നിന്ന് എത്തിയ കപ്പൽ നിലവിൽ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് സൂചിപ്പിച്ച കേന്ദ്രങ്ങളിൽ നാവികസേനയുടെ പ്രത്യേക ഡൈവിങ് സംഘം പരിശോധന ആരംഭിച്ചു. വെള്ളത്തിനടിയിലെ തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ പോർട്ടബിൾ സോണാർ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ, മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി സ്കൂബ ഡൈവിങ് സംഘവും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പരിശോധന തുടരുന്നു.
രക്ഷാദൗത്യം ഊർജിതമാക്കാൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറുകൾ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണം വ്യാപിപ്പിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ മേഖല രാമേശ്വരം ഭാഗത്തേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. രക്ഷാദൗത്യം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ സംവിധാനങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും, ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. കാണാതായവരെ കണ്ടെത്താൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.