ഗ്ലാസ്ഗോ: കരിയർ അവസാനിച്ചുവെന്ന് വിധിയെഴുതിയവർക്ക് മറുപടിയായി കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം മുരളി ശ്രീശങ്കർ. പുരുഷന്മാരുടെ ലോങ് ജമ്പിൽ തുടർച്ചയായ രണ്ടാം തവണയാണ് ശ്രീശങ്കർ വെള്ളി മെഡൽ കരസ്ഥമാക്കുന്നത്. ഗ്ലാസ്ഗോയിൽ നടന്ന ഫൈനൽ മത്സരത്തിൽ 8.09 മീറ്റർ ദൂരം ചാടിയാണ് താരം വെള്ളിമെഡൽ സ്വന്തമാക്കിയത്. ജമൈക്കയുടെ താജേ ഗെയ്ല് 8.15 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ, സ്കോട്ലൻഡിന്റെ സ്റ്റീഫൻ മക്കെൻസി 8.08 മീറ്റർ ദൂരവുമായി വെങ്കലം കരസ്ഥമാക്കി.
രണ്ട് വർഷം നീണ്ട കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഈ നേട്ടം. 2024 ഏപ്രിലിൽ പരിശീലനത്തിനിടെ പട്ടെല്ല ടെൻഡൺ പൂർണ്ണമായി പൊട്ടിയത് ശ്രീശങ്കറിന്റെ കരിയറിനും പാരീസ് ഒളിമ്പിക്സ് സ്വപ്നങ്ങൾക്കും വലിയ തിരിച്ചടിയായിരുന്നു. ശസ്ത്രക്രിയയ്ക്കും 21 മാസത്തെ നീണ്ട പുനരധിവാസത്തിനും ശേഷമാണ് താരം ട്രാക്കിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഫൈനലിൽ ആദ്യ ശ്രമത്തിൽ തന്നെ 8.03 മീറ്റർ ചാടി മികച്ച തുടക്കമിട്ട ശ്രീശങ്കർ, രണ്ടാം ശ്രമത്തിൽ 8.09 മീറ്റർ പിന്നിട്ട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. എന്നാൽ നാലാം ശ്രമത്തിൽ ജമൈക്കൻ താരം താജേ ഗെയ്ല് 8.15 മീറ്റർ ചാടി മുന്നിലെത്തുകയായിരുന്നു.
പരിക്കിന്റെ അസ്വസ്ഥതകൾ ഇപ്പോഴും പൂർണ്ണമായി വിട്ടുമാറിയിട്ടില്ലെന്നും ഓരോ മത്സരത്തിന് ശേഷവും മുട്ടിന് പ്രത്യേക പരിചരണം ആവശ്യമാണെന്നും ശ്രീശങ്കർ വ്യക്തമാക്കി. എങ്കിലും ലഭിച്ച വെള്ളിമെഡലിൽ താൻ പൂർണ്ണ തൃപ്തനല്ലെന്നും വരാനിരിക്കുന്ന ജപ്പാൻ ഏഷ്യൻ ഗെയിംസിനായി ഉടൻ തന്നെ പരിശീലനം പുനരാരംഭിക്കുമെന്നും താരം കൂട്ടിച്ചേർത്തു. കരിയർ അവസാനിച്ചുവെന്ന കണക്കുകൂട്ടലുകൾക്കിടെയുള്ള ശ്രീശങ്കറിന്റെ ഈ തിരിച്ചുവരവ് ഇന്ത്യൻ അത്ലറ്റിക്സിലെ ഏറ്റവും പ്രചോദനാത്മകമായ നേട്ടങ്ങളിലൊന്നായി കായിക ലോകം വിലയിരുത്തുന്നു.