കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. ഉത്തർപ്രദേശ് നോയിഡയിൽ നിന്ന് മൂന്ന് പേരെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പരാമർശിക്കപ്പെട്ട ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലി രാജി വെച്ചു. ആരോപണ വിധേയരായ കൂടുതൽ അധ്യാപകരും സ്റ്റാഫുകളും രാജി വെക്കാനൊരുങ്ങുകയാണ്. നിതിൻ മരിക്കുന്നതിന് 25 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇൻസ്റ്റ പേ ലോൺ ആപ്പിൽ നിന്നും നിരന്തരമായി ഭീഷണി സന്ദേശങ്ങൾ വരുന്നതായി ലത ടീച്ചർ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. പരാതി നൽകുന്ന സമയത്തും ടീച്ചർക്ക് ലോൺ ആപ്പിൽ നിന്ന് കോൾ വരുന്നുണ്ടായിരുന്നു. പ്രിൻസിപ്പൽ ലോൺ ആപ്പുമായി ബന്ധപ്പെട്ടവരോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ലോൺ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിതിൻരാജ് പ്രിൻസിപ്പലിന് വിശദീകരിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ടീച്ചറുടെ നമ്പർ റെഫറൻസ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടപ്പോഴും, പേയ്മെന്റ് പൂർത്തിയാക്കാതെ ആരുടെയും നമ്പർ ഒഴിവാക്കില്ല എന്ന് ലോൺ ആപ്പുകാർ പറഞ്ഞതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.
സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ഡോ. രാമു, ഡോ. സംഗീത നമ്പ്യാർ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ആത്മഹത്യയിൽ തങ്ങൾക്ക് പങ്കില്ലെന്നും ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാകാം നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നും തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ ഇവർ വാദിക്കുന്നു.