മോസ്കോ: ഓർത്തഡോക്സ് ഈസ്റ്ററിനോടനുബന്ധിച്ച് യുക്രെയ്നുമായി താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്ൻ മുന്നോട്ടുവെച്ച നിർദേശം പരിഗണിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ പ്രഖ്യാപനം നടത്തിയതെന്ന് ക്രെംലിൻ വ്യാഴാഴ്ച അറിയിച്ചു. ഏപ്രിൽ 11-ന് വൈകിട്ട് 4 മണി മുതൽ ഏപ്രിൽ 12-ന് അർദ്ധരാത്രി വരെയാണ് വെടിനിർത്തൽ നിലവിൽ വരിക.
നാല് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, യു.എസ് മുഖേന ഈസ്റ്റർ വെടിനിർത്തൽ നിർദേശം കൈമാറിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി നേരത്തെ അറിയിച്ചിരുന്നു. എല്ലാ മേഖലകളിലും സൈനിക നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയതായി ക്രെംലിൻ വ്യക്തമാക്കി. ശത്രുപക്ഷത്തുനിന്നുള്ള ഏത് പ്രകോപനത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ക്രെംലിൻ കൂട്ടിച്ചേർത്തു.
റഷ്യയുടെ ഈ മാതൃക യുക്രെയ്നും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രെംലിൻ കൂട്ടിച്ചേർത്തു. ഇത് ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ഒരു ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.