മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില് എട്ടെണ്ണത്തിന്റെയും വിപണി മൂലധനത്തിൽ (എംക്യാപ്) വൻ വർധന. മൊത്തത്തിൽ 1.90 ട്രില്യൺ രൂപയുടെ വർധനവാണ് ഈ കമ്പനികളുടെ വിപണി മൂല്യത്തിൽ രേഖപ്പെടുത്തിയത്. ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലായിരുന്നു ഈ നേട്ടം. ബാങ്കിന്റെ വിപണി മൂല്യം 56,223 കോടി രൂപ വർധിച്ച് 9,61,297.77 കോടി രൂപയിലെത്തി.
ഓഹരി വിപണിയിലുണ്ടായ കുതിപ്പാണ് ഈ നേട്ടത്തിന് പ്രധാന കാരണമായത്. രണ്ടാഴ്ചത്തെ തുടർച്ചയായ ഇടിവിനുശേഷം, ബിഎസ്ഇ സെൻസെക്സ് 1,284.61 പോയിന്റ് (1.73 ശതമാനം) ഉയരുകയും, എൻഎസ്ഇ നിഫ്റ്റി 256.2 പോയിന്റ് (1 ശതമാനം) നേട്ടമുണ്ടാക്കുകയും ചെയ്തു. ആഗോള തലത്തിലെ അനുകൂല സാഹചര്യങ്ങളും വിദേശ കറൻസി ഒഴുക്ക് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പിന്തുണയും വിപണിക്ക് കരുത്തായി. യുഎസ്-ഇറാൻ സമാധാന ചർച്ചകളെത്തുടർന്നുണ്ടായ ശുഭാപ്തിവിശ്വാസം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചതായി റെലിഗെയർ ബ്രോക്കിംഗ് ലിമിറ്റഡ് ഗവേഷണ വിഭാഗം അജിത് മിശ്ര വിലയിരുത്തി.
മറ്റ് പ്രമുഖ കമ്പനികളും മികച്ച നേട്ടം രേഖപ്പെടുത്തി. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 38,571.11 കോടി രൂപ ഉയർന്ന് 11,89,314.42 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (36,137.87 കോടി രൂപ), ബജാജ് ഫിനാൻസ് (18,366.57 കോടി രൂപ), ഭാരതി എയർടെൽ (14,380.14 കോടി രൂപ), ലാർസൻ ആൻഡ് ട്യൂബ്രോ (13,241.39 കോടി രൂപ), ഹിന്ദുസ്ഥാൻ യൂണിലിവർ (10,984.34 കോടി രൂപ), റിലയൻസ് ഇൻഡസ്ട്രീസ് (2,097.54 കോടി രൂപ) എന്നിവയാണ് വിപണി മൂല്യത്തിൽ വലിയ നേട്ടമുണ്ടാക്കിയ മറ്റു കമ്പനികൾ. അതേസമയം, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) എന്നീ കമ്പനികൾക്ക് കഴിഞ്ഞ ആഴ്ച തിരിച്ചടി നേരിട്ടു. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനി.