സേലം: തമിഴ്നാട്ടിലെ സേലം ജില്ലയിൽ സർക്കാർ പദ്ധതിയെന്ന വ്യാജേന മൂന്ന് വയോധികകളെ കബളിപ്പിച്ച് തല മൊട്ടയടിപ്പിച്ച സംഭവം പുറത്തായി. ആറ്റൂർ തഹസിൽദാർ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാരനാണ് വ്യാജ പ്രചാരണത്തിലൂടെ സ്ത്രീകളെ കബളിപ്പിച്ചത്.
ജൂലൈ 26-ന് രാത്രി ആറ്റൂരിന് സമീപം പുതുകോത്തം പടിയിലെ ഒരു സ്ത്രീക്ക് ലഭിച്ച ഫോൺ കോളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. കോവിഡ് മാതൃകയിലുള്ള പുതിയൊരു രോഗം മനുഷ്യരുടെ മുടിയിലൂടെ പടരുന്നുണ്ടെന്നും, ഇതിന്റെ പ്രതിരോധ നടപടിയെന്ന നിലയിൽ തല മൊട്ടയടിക്കണമെന്നും സർക്കാർ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടയാൾ സ്ത്രീയെ വിശ്വസിപ്പിച്ചു. മുടി മുറിക്കുന്ന സ്ത്രീകൾക്ക് സർക്കാർ 15,000 രൂപയും, കോളേജ് വിദ്യാർത്ഥിനികൾക്ക് 45,000 രൂപയും, പുരുഷന്മാർക്ക് 6,000 രൂപയും നൽകുമെന്നായിരുന്നു വാഗ്ദാനം. പരിമിതമായ എണ്ണം ടോക്കണുകൾ മാത്രമാണ് ലഭ്യമാണെന്നും, പിന്നീട് ആറ്റൂർ താലൂക്ക് ഓഫീസിൽ നിന്ന് പണം കൈപ്പറ്റാമെന്നും ഇയാൾ ഇവരെ ധരിപ്പിച്ചു.
തട്ടിപ്പിന് വിശ്വാസ്യത വർദ്ധിപ്പിക്കാൻ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങളും ഇയാൾ അയച്ചു നൽകി. ഇത് പൂർണ്ണമായും വിശ്വസിച്ച സ്ത്രീ ആദ്യം തല മൊട്ടയടിക്കുകയും തുടർന്ന് അയൽവാസികളായ മറ്റ് രണ്ട് സ്ത്രീകളെക്കൂടി ഇതിനായി പ്രേരിപ്പിക്കുകയുമായിരുന്നു. വാഗ്ദാനം ചെയ്ത പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്ത്രീകൾ ആറ്റൂർ താലൂക്ക് ഓഫീസിലെത്തിയപ്പോഴാണ് ഇത്തരമൊരു സർക്കാർ പദ്ധതി നിലവിലില്ലെന്ന് മനസ്സിലാകുന്നത്. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.