ന്യൂഡൽഹി: കഴിഞ്ഞ രണ്ട് സെഷനുകളിലെ തുടർച്ചയായ തകർച്ചയ്ക്ക് ശേഷം, ചൊവ്വാഴ്ച ആഭ്യന്തര ഓഹരി വിപണി മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വിദേശനാണ്യ നയങ്ങളും ആഗോള വിപണിയിലെ അനുകൂലമായ മാറ്റങ്ങളുമാണ് വിപണിക്ക് താൽക്കാലിക ആശ്വാസം പകർന്നത്. രാവിലെ ശക്തമായ കുതിപ്പോടെ ആരംഭിച്ച സൂചികകൾ, ഉച്ചയ്ക്ക് മുൻപുള്ള വ്യാപാരത്തിൽ നേരിയ തോതിൽ ലാഭമെടുപ്പിന് വിധേയമായെങ്കിലും പോസിറ്റീവ് സോണിൽ തന്നെ തുടരുന്നു. ബി.എസ്.ഇ സെൻസെക്സ് 73,750 നിലവാരത്തിന് അടുത്തും, എൻ.എസ്.ഇ നിഫ്റ്റി 50 സൂചിക 23,150 നിലവാരത്തിന് മുകളിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
വിപണിയിലെ ഈ മുന്നേറ്റത്തിന് കരുത്തായ പ്രധാന ഘടകങ്ങൾ ആർ.ബി.ഐയുടെ പുതിയ ഫോറെക്സ് സ്വാപ്പ് നിർദ്ദേശങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ അയവുമാണ്. ബാങ്കുകൾക്കായി ആർ.ബി.ഐ അനുവദിച്ച പ്രത്യേക ഫോറെക്സ് സ്വാപ്പ് സൗകര്യം ബാങ്കിംഗ്, ധനകാര്യ ഓഹരികളിൽ വലിയ ഉണർവുണ്ടാക്കി. ബാങ്ക് നിഫ്റ്റി സൂചിക ഒരു ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. കൂടാതെ, ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളിൽ വന്ന താത്കാലിക ശാന്തതയും ക്രൂഡ് ഓയിൽ വില ബാരലിന് 93 ഡോളറിലേക്ക് താഴ്ന്നതും ഇന്ത്യൻ വിപണിക്ക് ഗുണകരമായി. ഇന്റർഗ്ലോബ് ഏവിയേഷൻ, ഗ്രാസിം ഇൻഡസ്ട്രീസ്, ജിയോ ഫിനാൻഷ്യൽ സർവീസസ്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ജെ.എൻ.കെ ഇന്ത്യ, പനാസിയ ബയോടെക്, വിപ്രോ തുടങ്ങിയ ഓഹരികളും നിക്ഷേപകരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
വിപണി പോസിറ്റീവ് നിലവാരം പുലർത്തുന്നുണ്ടെങ്കിലും ചില ഘടകങ്ങൾ കുതിപ്പിന് തടസ്സമാകുന്നുണ്ട്. പ്രധാന പ്രതിരോധ നിലവാരങ്ങളിൽ നിക്ഷേപകർ ലാഭമെടുപ്പിന് മുതിരുന്നത് സൂചികകളുടെ ഉയർച്ചയെ ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പ്രതിവാര എക്സ്പയറിക്ക് മുന്നോടിയായുള്ള വിപണിയിലെ ചാഞ്ചാട്ടവും, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപ്പനയും നിക്ഷേപകരിൽ ജാഗ്രതയുണർത്തുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കുറഞ്ഞത് വിപണിക്ക് ആശ്വാസമാണെങ്കിലും, വരും ദിവസങ്ങളിലെ ആഗോള മാറ്റങ്ങളും എണ്ണവിലയിലെ വ്യതിയാനങ്ങളും നിരീക്ഷിച്ചുകൊണ്ട് മാത്രം നിക്ഷേപകർ തീരുമാനങ്ങൾ എടുക്കുന്നതാണ് ഉചിതം.