ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംപൽ വിൽസൺ സ്ഥാനം ഒഴിഞ്ഞു. 2027 ജൂലൈ വരെ കാലാവധി ബാക്കിനിൽക്കെയാണ് ഈ അപ്രതീക്ഷിത രാജി. പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ എയർ ഇന്ത്യ ആരംഭിച്ചതായി വിവരം. നിലവിൽ അദ്ദേഹം നോട്ടീസ് പിരീഡിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2022-ൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിന് പിന്നാലെ സിംഗപ്പൂർ എയർലൈൻസിന്റെ ഉപസ്ഥാപനമായ സ്കൂട്ടിൽ നിന്നാണ് കാംപൽ വിൽസൺ എയർ ഇന്ത്യയുടെ അമരത്തെത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനി വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനം വിജയകരമായി പൂർത്തിയാക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. എയർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡറുകളിൽ ഒന്നായ 500-ൽ അധികം പുതിയ വിമാനങ്ങൾ നൽകിയത് വിൽസന്റെ കാലത്താണ്. 2024-25 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 13% വർധിച്ച് 61,080 കോടി രൂപയിലെത്തി. നഷ്ടം 5,031 കോടിയിൽ നിന്ന് 3,976 കോടി രൂപയായി കുറയ്ക്കാനും അദ്ദേഹത്തിന് സാധിച്ചു.
നേട്ടങ്ങൾക്കിടയിലും ചില പ്രതിസന്ധികൾ വിൽസന്റെ കാലാവധിയിൽ എയർ ഇന്ത്യയെ വേട്ടയാടി. കഴിഞ്ഞ ജൂണിലുണ്ടായ അഹമ്മദാബാദ് വിമാനാപകടവും തുടർച്ചയായ സുരക്ഷാ പ്രശ്നങ്ങളും കമ്പനിക്ക് തലവേദനയായി. ഇന്ത്യാ-പാക് സംഘർഷം, പശ്ചിമേഷ്യൻ യുദ്ധം എന്നിവ മൂലം വിമാന ഇന്ധന വിലയിലുണ്ടായ വർധനവും റൂട്ടുകളിലെ മാറ്റവും സാമ്പത്തിക ബാധ്യത വർധിപ്പിച്ചു. ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ നഷ്ടം നാലിരട്ടിയായി വർധിച്ച് 5,822 കോടി രൂപയിലെത്തിയത് വലിയ തിരിച്ചടിയായി. എയർ ഇന്ത്യ എക്സ്പ്രസ് എംഡി ആയിരുന്ന അലോക് സിംഗ് അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കി മാർച്ചിൽ പടിയിറങ്ങിയതിനു പിന്നാലെ കാംപൽ വിൽസണും രാജിവെക്കുന്നതോടെ എയർ ഇന്ത്യയുടെയും എക്സ്പ്രസിന്റെയും തലപ്പത്ത് വലിയ ശൂന്യതയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ഇനിയാര് നയിക്കുമെന്നത് ടാറ്റ ഗ്രൂപ്പിന് മുന്നിലെ വലിയ ചോദ്യചിഹ്നമാണ്.