ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനായി മുൻ ന്യൂസിലാൻഡ് നായകനും ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയശിൽപിയുമായ സ്റ്റീഫൻ ഫ്ലെമിങ് എത്തുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ഇംഗ്ലീഷ് മാധ്യമമായ ദ ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുൻ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനായി നടന്ന അഭിമുഖങ്ങൾക്കൊടുവിൽ ഫ്ലെമിങ് പ്രധാന പരിഗണനയിലാണെന്നാണ് വിവരം.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ടെസ്റ്റ് ടീമിന്റെ ചുമതല ഫ്ലെമിങ്ങിനെ ഏൽപ്പിക്കാൻ താൽപ്പര്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിച്ചാർഡ് ഡോസൺ, ജോനാഥൻ ട്രോട്ട്, മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ടോം മൂഡി എന്നിവരെ പിന്തള്ളിയാണ് ഫ്ലെമിങ് പരിശീലക സ്ഥാനത്തേക്കുള്ള മുൻനിരയിലേക്ക് എത്തിയത്. ആദ്യഘട്ടത്തിൽ മുൻ ഇംഗ്ലണ്ട് പരിശീലകൻ ആൻഡി ഫ്ലവർ പ്രധാന സ്ഥാനാർത്ഥിയായിരുന്നെങ്കിലും, ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലണ്ടൻ സ്പിരിറ്റ് ടീമുകളുമായുള്ള കരാറുകൾ തുടരാൻ തീരുമാനിച്ചതോടെ അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ജസ്റ്റിൻ ലാംഗർ ഇസിബി തന്നെ സമീപിച്ചിട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
2008-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനായി തിളങ്ങിയ ഫ്ലെമിങ്, ചെന്നൈ സൂപ്പർ കിങ്സിനെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായി മാറ്റിയ വ്യക്തിയാണ്. ടെക്സാസ് സൂപ്പർ കിങ്സ്, ജോബാർഗ് സൂപ്പർ കിങ്സ് ടീമുകളുടെയും പരിശീലക ചുമതല വഹിച്ച അദ്ദേഹം, ഈ മാസം ആദ്യം സൂപ്പർ കിങ്സ് ഗ്രൂപ്പുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിൽ ദ ഹണ്ട്രഡിൽ സൗതേൺ ബ്രേവ് ടീമിന്റെ പരിശീലകനായും കളിക്കാരനായി നോട്ടിംഗ്ഹാംഷയർ, യോർക്ക്ഷയർ, മിഡിൽസെക്സ് എന്നീ കൗണ്ടി ടീമുകൾക്കായും പ്രവർത്തിച്ചിട്ടുള്ള ഫ്ലെമിങ്ങിന് ഇംഗ്ലീഷ് സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
മൂന്നാഴ്ചയ്ക്കകം ആരംഭിക്കുന്ന പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഫ്ലെമിങ്ങിന്റെ നിയമനം പൂർത്തിയാകുമോ എന്നതിൽ വ്യക്തതയില്ല. അതുവരെ സഹപരിശീലകൻ മാർക്കസ് ട്രെസ്കോത്തിക്ക് താത്കാലിക ചുമതല നൽകാൻ ഇസിബി തയ്യാറാണെന്നാണ് സൂചന. ഒരു ദശാബ്ദമായി ആഷസ് പരമ്പര സ്വന്തമാക്കാൻ കഴിയാത്ത ഇംഗ്ലണ്ടിന് അടുത്ത വർഷത്തെ ഹോം ആഷസാണ് പ്രധാന ലക്ഷ്യം. ഫ്ലെമിങ് ചുമതലയേൽക്കുകയാണെങ്കിൽ, ഇംഗ്ലണ്ടിനെ വീണ്ടും ആഷസ് ജേതാക്കളാക്കുകയെന്നതാകും അദ്ദേഹത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സ്ഥിരം പരിശീലകൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് ഔദ്യോഗികമായി ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.