ന്യൂഡൽഹി: ആക്രമണശേഷിയും നിരീക്ഷണ സംവിധാനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക എയർ-ലോഞ്ച്ഡ് ഡ്രോണുകളും ലോയിറ്ററിംഗ് മ്യൂണിഷനുകളും വിന്യസിക്കാനൊരുങ്ങി വ്യോമസേന. ട്രാൻസ്പോർട്ട് വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ഘടിപ്പിച്ച് ഇത്തരം ഡ്രോണുകൾ വിക്ഷേപിക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്. നിലവിൽ യുദ്ധവിമാനങ്ങൾ നിർവ്വഹിക്കുന്ന നിരീക്ഷണ-ആക്രമണ ദൗത്യങ്ങളിൽ ഒരു ഭാഗം ഈ ഡ്രോണുകൾക്ക് കൈമാറുന്നതിലൂടെ യുദ്ധവിമാനങ്ങളെ കൂടുതൽ നിർണ്ണായകമായ ദൗത്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും.
ട്രാൻസ്പോർട്ട് വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകൾക്ക് ഏകദേശം 500 കിലോമീറ്റർ പരിധിയും 30 കിലോ ഭാരമുള്ള പോർമുന വഹിക്കാനുള്ള ശേഷിയുമുണ്ടാകും. ഇവയ്ക്ക് മണിക്കൂറിൽ 350 മുതൽ 400 കിലോമീറ്റർ വരെ വേഗതയുണ്ടാകും. ഹെലികോപ്റ്ററുകളിൽ നിന്ന് വിക്ഷേപിക്കുന്നവയ്ക്ക് 80 കിലോമീറ്റർ പരിധിയാണ് പ്രതീക്ഷിക്കുന്നത്.
ശത്രുപാളയത്തിലെ കൃത്യമായ ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുക, ഇലക്ട്രോണിക് യുദ്ധം, ശത്രുലക്ഷ്യങ്ങൾ കണ്ടെത്തുക, ശത്രുവിന്റെ ശ്രദ്ധ തിരിക്കാൻ ഡീക്കോയ് (decoy) ആയി പ്രവർത്തിക്കുക എന്നിവയാണ് ഈ സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ‘ഡ്രോൺ സ്വാം’ (drone swarm) സാങ്കേതികവിദ്യയുടെ പാതയിലാണ് ഇന്ത്യയും നീങ്ങുന്നത്. ഒരേസമയം ഒരു കൂട്ടം ഡ്രോണുകൾ ഉപയോഗിച്ച് ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ഇതിലൂടെ സാധിക്കും. ദൂരസ്ഥലങ്ങളിൽ നിന്ന് ആക്രമണം നടത്താൻ സാധിക്കുന്നതിലൂടെ സൈനികരുടെ ജീവഹാനി കുറയ്ക്കാനും വിലപിടിപ്പുള്ള യുദ്ധവിമാനങ്ങൾ സുരക്ഷിതമായി നിലനിർത്താനും ഈ പുതിയ വിന്യാസം സഹായിക്കും. ഇതിനായി വ്യോമസേന താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.