ഗുവാഹത്തി: ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ അസമിലും ഏകീകൃത സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് നിര്‍ണ്ണായകമായ ഈ ബില്‍ സര്‍ക്കാര്‍ പാസാക്കിയത്. ബില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഭരണപക്ഷം ബില്ലിന് അംഗീകാരം നേടിയെടുത്തത്.
പുതിയ നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ വിവാഹം, വിവാഹമോചനം, ലിവ്-ഇന്‍ പങ്കാളിത്തം, സ്വത്തവകാശം എന്നിവയുമായി ബന്ധപ്പെട്ട മുന്‍കാല ചട്ടങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുന്നത്. എല്ലാ വിഭാഗം പൗരന്മാര്ക്കും ഒരേ രീതിയിലുള്ള നിയമസംവിധാനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ തനത് സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനായി അവരെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
പുതിയ നിയമപ്രകാരം അസമില്‍ ബഹുഭാര്യത്വം പൂര്‍ണ്ണമായും നിരോധിച്ചു. വിവാഹം കഴിക്കുന്നതിനുള്ള നിയമപരമായ പ്രായം പുരുഷന്മാര്ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സുമായി തുടരും. കൂടാതെ, സംസ്ഥാനത്തെ എല്ലാ വിവാഹങ്ങളും വിവാഹമോചനങ്ങളും ഇനിമുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാക്കിയിട്ടുണ്ട്. മതം നോക്കാതെ എല്ലാവര്ക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയില്‍ ഒരൊറ്റ നിയമ ചട്ടക്കൂടായിരിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.
നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ജയില്‍ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 82 പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം. യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചുവെച്ചോ, ഭീഷണിപ്പെടുത്തിയോ, നിര്‍ബന്ധിച്ചോ വിവാഹം നടത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ചുമത്തും. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. കൃത്യമായ നിയമനടപടികള്‍ പാലിക്കാതെ നടത്തുന്ന വിവാഹമോചനങ്ങള്‍ കുറ്റകരമാണ്, ഇതിന് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. ലിവ്-ഇന്‍ പങ്കാളിത്തം നിയമപരമായി വെളിപ്പെടുത്താതെ ഒളിച്ചുവെക്കുന്നതും ജയില്‍ ശിക്ഷയ്ക്ക് കാരണമാകും.