അടൂർ: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. എസ്.എൻ ഹോട്ടൽ, ഡിങ്കന്റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, രാജധാനി, സൺ റൈസ്, പഴങ്കഞ്ഞിക്കട, അൽറാസി തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഈ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും മീനും ഉൾപ്പെടെയുള്ളവ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പരിശോധനയ്ക്കിടെ രാജധാനി ഹോട്ടലിൽ നിന്ന് മാത്രം 50 കിലോയോളം പഴകിയ മീൻ പിടികൂടി. ഇതിനിടെ, പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരുടെ നടപടികൾ തടസപ്പെടുത്താൻ ചില ഹോട്ടൽ ഉടമകൾ ശ്രമിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തിൽ ഔദ്യോഗിക നടപടികൾ തുടരുകയാണ്.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. നഗരത്തിൽ വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.