തിരുവനന്തപുരം: ലഹരിമരുന്നുമായി കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം പിടിയിൽ. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് സീനിയർ സൂപ്രണ്ടായ നജീബ് ഖാനാണ് തമ്പാനൂരിലെ ഹോട്ടലിൽ വെച്ച് ലഹരി ഉപയോഗിക്കുന്നതിനിടെ എക്സൈസ്, നർക്കോട്ടിക് സെൽ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ പിടിയിലായത്. ഇയാൾ വിവിധ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി.
ഇക്കഴിഞ്ഞ മാർച്ചിലും രാസലഹരിയുമായി നജീബ് ഖാൻ പോലീസിന്റെ പിടിയിലായിരുന്നു. അന്നും തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർച്ചയായി ലഹരി ഇടപാടുകളിൽ ഉൾപ്പെടുന്നത് ഗൗരവകരമായാണ് അധികൃതർ കാണുന്നത്.
മൊബൈൽ ആപ്പുകൾ വഴി ആവശ്യക്കാരെ കണ്ടെത്തി എംഡിഎംഎ എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി. ഇതിനായി വലിയൊരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പ്രമുഖർ ഉൾപ്പെടെയുള്ളവർ ലഹരിമരുന്നിനായി നജീബ് ഖാനെ സമീപിക്കാറുണ്ടെന്ന വിവരത്തെത്തുടർന്ന് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.