കൊച്ചി: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 10,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനൊരുങ്ങി മിൽമ. കേരളത്തിലെ ശക്തമായ ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തി ആഭ്യന്തര, അന്തർദ്ദേശീയ വിപണികളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് മിൽമയുടെ തീരുമാനം. 2030-31 സാമ്പത്തിക വർഷത്തോടെ ഈ ലക്ഷ്യം പൂർത്തിയാക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു.
കേരളത്തിലെ ക്ഷീരമേഖലയിൽ വലിയ തോതിലുള്ള നിക്ഷേപസാധ്യതകളാണുള്ളതെന്ന് അദ്ദേഹം വിലയിരുത്തി. പാൽ ഉൽപ്പാദനക്ഷമതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം നിൽക്കുന്നത്. എന്നാൽ, സംസ്ഥാനത്തെ പാലിന്റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഈ സാഹചര്യത്തിൽ ഉൽപ്പാദനരംഗത്തെ വിപുലീകരണത്തിനും നിക്ഷേപങ്ങൾക്കും വലിയ അവസരങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 2025-26 സാമ്പത്തിക വർഷത്തിൽ 4,344 കോടി രൂപയുടെ വിറ്റുവരവാണ് മിൽമ രേഖപ്പെടുത്തിയത്. പാലിന്റെ വില്പനവിലയുടെ 83 ശതമാനത്തോളം തുകയും ക്ഷീരകർഷകർക്ക് നേരിട്ട് ലഭ്യമാക്കുന്ന കർഷക കേന്ദ്രീകൃത ബിസിനസ്സ് മാതൃകയാണ് മിൽമ പിന്തുടരുന്നത്. ആഗോള വിപണിയിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി ലുലു ഗ്രൂപ്പിനെ ഗ്ലോബൽ അംബാസഡറായി മിൽമ നിയമിച്ചിട്ടുണ്ട്. കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി കൊച്ചിയിൽ സംഘടിപ്പിച്ച കേരള റീട്ടെയിൽ കോൺക്ലേവിൽ സംസാരിക്കവെ, രാജ്യത്തുടനീളമുള്ള പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിപണി വിപുലീകരിക്കാനും പദ്ധതിയുണ്ടെന്ന് കെ.എസ്. മണി വ്യക്തമാക്കി.