തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്ന് മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പ്രതിമാസം എട്ടുലക്ഷം രൂപ വീതം ലഭിച്ചിരുന്നതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കണ്ടെത്തൽ. ഇതിൽ അഞ്ച് ലക്ഷം രൂപ വീണയുടെ അക്കൗണ്ടിലേക്കും മൂന്ന് ലക്ഷം രൂപ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്കുമാണ് വന്നിരുന്നത്. ഇത്തരത്തിൽ ഒരു വർഷം 96 ലക്ഷം രൂപ വീതം ആകെ 2.78 കോടി രൂപയാണ് കൈപ്പറ്റിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകൾ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലായിരിക്കെ നടന്ന ഈ സാമ്പത്തിക ഇടപാടുകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം 2017 ജനുവരി മുതൽ 2020 ജൂൺ വരെയുള്ള കാലയളവിലാണ് ഈ പണമിടപാടുകൾ നടന്നത്. 2019-ൽ സിഎംആർഎല്ലിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1.72 കോടി രൂപ വീണയ്ക്ക് ലഭിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഈ റെയ്ഡിന് ശേഷവും കമ്പനിയിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയെന്ന് എസ്എഫ്ഐഒയുടെ അന്വേഷണത്തിൽ തെളിഞ്ഞു. എക്സാലോജിക്കിന്റെ പ്രധാന വരുമാന മാർഗവും ഏക ക്ലയന്റും സിഎംആർഎൽ മാത്രമായിരുന്നു എന്നതും ഈ ഇടപാടുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. എക്സാലോജിക്കുമായി ബന്ധം അവസാനിപ്പിച്ച ശേഷം സിഎംആർഎൽ മറ്റൊരു ഐടി സ്ഥാപനമായ എടിഎൻഎ ടെക്നോളജീസുമായി കരാറുണ്ടാക്കിയിരുന്നു. ഐടി സേവനങ്ങൾ നൽകിയ ആ സ്ഥാപനത്തിന് വെറും 27 ലക്ഷം രൂപ മാത്രമാണ് നൽകിയത് എന്നത് ശ്രദ്ധേയമാണ്.
എക്സാലോജിക്കിലെ ഐടി ഡെവലപ്പർമാർക്ക് പോലും സിഎംആർഎല്ലിന് നൽകിയ സേവനങ്ങളെക്കുറിച്ച് അറിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സേവനം നൽകിയതുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇതുവരെ ഹാജരാക്കാൻ വീണയ്ക്ക് സാധിച്ചിട്ടില്ല. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുമായി നേരിട്ടായിരുന്നു കരാറെന്ന് അവകാശപ്പെടുമ്പോഴും, ഇതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളോ തെളിവുകളോ ഹാജരാക്കാൻ സാധിച്ചിട്ടില്ല. ഇതിനു പുറമെ 2015-16 കാലയളവിൽ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ക്യാപിറ്റൽ ഇന്ത്യ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനം വീണയ്ക്ക് 50 ലക്ഷം രൂപ വായ്പ നൽകിയെങ്കിലും, അതിൽ നാല് ലക്ഷം രൂപ മാത്രമാണ് തിരിച്ചടച്ചത്. കമ്പനി നിയമങ്ങളിലെ 447-ാം വകുപ്പ് പ്രകാരം അന്വേഷണം പൂർത്തിയാക്കി എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. യാതൊരു സേവനവും നൽകാതെ കമ്പനി നിയമങ്ങൾ ലംഘിച്ചാണ് പണം കൈപ്പറ്റിയതെന്ന് കുറ്റപത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.