കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കൊട്ടൂളിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. അതിരാവിലെ അതീവ രഹസ്യമായാണ് അന്വേഷണ സംഘം പരിശോധനയ്ക്കായി എത്തിയത്. ലോക്കൽ പൊലീസിനെ പോലും വിവരം അറിയിക്കാതെയാണ് ഇഡി സംഘം റിയാസിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ‘ഗ്രേസ്’ എന്ന വീട്ടിലെത്തിയത്. മൂന്ന് മണിക്കൂറിലധികം നീണ്ട പരിശോധനയിൽ കേസിന് ആസ്പദമായ നിർണ്ണായക രേഖകൾക്കായി തിരച്ചിൽ നടന്നു.
സംസ്ഥാനത്തുടനീളം 12 ഇടങ്ങളിലാണ് ഇഡി ഒരേസമയം പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുന്ന പിണറായി വിജയന്റെ വീട്ടിലും, കണ്ണൂർ പാണ്ട്യാലയിലെ അദ്ദേഹത്തിന്റെ വസതിയിലും അന്വേഷണ സംഘമെത്തി. ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, സിഎംആർഎൽ എംഡി എസ്. എൻ. ശശിധരൻ കർത്തയുടെ ആലുവയിലെ വസതി, കമ്പനി ജീവനക്കാരുടെ വീടുകൾ എന്നിവിടങ്ങളിലും റെയ്ഡ് തുടരുകയാണ്. എക്സാലോജിക് സൊല്യൂഷൻസ് സേവനം നൽകാതെ സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നതാണ് ഇഡി അന്വേഷിക്കുന്ന കേസ്.
സിഎംആർഎൽ-എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ അതിവേഗ നടപടികൾ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടക്കുന്ന ഈ അന്വേഷണത്തിൽ കമ്പനി നിയമത്തിലെ സെക്ഷൻ 447 പ്രകാരമാണ് വീണ വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് മാസം മുതൽ പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വിഷയത്തിൽ പ്രതികരിക്കാൻ മുഹമ്മദ് റിയാസോ ബന്ധപ്പെട്ടവരോ ഇതുവരെ തയ്യാറായിട്ടില്ല.