തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും അദ്ദേഹത്തിന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. കണ്ണൂരിലെ വസതിയിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. പരിശോധനാ സമയത്ത് പിണറായി വിജയനും മകൾ വീണ വിജയനും കുടുംബാംഗങ്ങളും ബേക്കറി ജംക്ഷനിലെ വസതിയിലുണ്ടായിരുന്നു.
കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി കർശനമാക്കിയത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും സ്ഥാപന ഉടമ ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടന്നു. സിഎംആർഎൽ – എക്സാലോജിക് കരാറിലെ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണം തുടരാൻ അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
എക്സാലോജിക് സൊല്യൂഷൻസ് സേവനങ്ങളൊന്നും നൽകാതെ സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നതാണ് പ്രധാന ആരോപണം. ഈ അനധികൃത സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന വിലയിരുത്തലിലാണ് ഇഡി അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുന്ന ഈ കേസിൽ വരും ദിവസങ്ങളിലും കൂടുതൽ നടപടികൾ ഉണ്ടായേക്കും.