കൊൽക്കത്ത: നുഴഞ്ഞുകയറ്റക്കാർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്ത്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർ എത്രയും വേഗം രാജ്യം വിട്ടുപോകണമെന്നും അല്ലാത്തപക്ഷം സർക്കാർ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നോർത്ത് 24 പർഗാനാസിലെ ഹക്കിംപൂർ അതിർത്തി ചെക്ക്പോസ്റ്റിൽ നുഴഞ്ഞുകയറ്റക്കാർ മടങ്ങിപ്പോകാൻ തയ്യാറായി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരെ ജയിലുകളിൽ പാർപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയ സുവേന്ദു അധികാരി, രാജ്യത്തിന്റെ പൊതുമുതൽ ഉപയോഗിച്ച് അവർക്ക് ഭക്ഷണവും വസ്ത്രവും മരുന്നും നൽകേണ്ടതുണ്ടോ എന്ന് ചോദിച്ചു. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും, ഇതൊരു പുതിയ നിയമമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, എല്ലാ ജില്ലകളിലും അനധികൃത കുടിയേറ്റക്കാർക്കായി തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്വന്തം പൗരന്മാരെ തിരിച്ചെടുക്കേണ്ടത് ബംഗ്ലാദേശിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമ്മിക്കുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറാൻ സർക്കാർ തീരുമാനിച്ചിരുന്നു. 27 കിലോമീറ്റർ ദൂരത്തിൽ അതിർത്തി വേലിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങൾക്കായി ആവശ്യമായ കൂടുതൽ ഭൂമി നൽകാൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.