ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവായി എഐഎഡിഎംകെയിൽ നിന്ന് മൂന്ന് എംഎൽഎമാർ രാജിവെച്ചു. എടപ്പാടി പളനിസാമി നയിക്കുന്ന പാർട്ടി നേതൃത്വത്തിനെതിരെ നീണ്ട നാളായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളും ആഭ്യന്തര കലഹവുമാണ് ഈ അപ്രതീക്ഷിത തീരുമാനത്തിന് വഴിവെച്ചത്. എംഎൽഎമാരായ മരഗതം കുമാരവേൽ, ജയകുമാർ, സത്യഭാമ എന്നിവർ തങ്ങളുടെ രാജി സ്പീക്കർക്ക് കൈമാറി.
സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ തുടർച്ചയായാണ് ഈ രാജി. നിയമസഭയിൽ സി ജോസഫ് വിജയ് നേതൃത്വം നൽകുന്ന സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച എഐഎഡിഎംകെയിലെ വിമത വിഭാഗത്തിൽപ്പെട്ടവരാണ് ഇവർ. സിവി ഷൺമുഖം, എസ്പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകളിൽ അതൃപ്തി രേഖപ്പെടുത്തിയാണ് മൂവരും പദവികൾ ഒഴിഞ്ഞത്.
രാജിവെച്ച എംഎൽഎമാർ സി ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിൽ ഉടൻ ചേരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എഐഎഡിഎംകെയിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായതോടെ വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ് ഈ ഭരണപക്ഷ അനുകൂല നീക്കം.