തിരുവനന്തപുരം: സിജെപിക്ക് (CJP) പിന്നിൽ ദേശവിരുദ്ധ ബന്ധങ്ങളുണ്ടെന്ന ആരോപണം കൂടുതൽ ശക്തമാകുന്നു. സിജെപി വക്താവ് ഇഷ മറിയം ഹാരിസിന് ഭീകരവാദ കേസ് പ്രതി അബ്ദുൾ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നു. സിജെപിക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ നേരത്തെയുള്ള വാദങ്ങളെ സാധൂകരിക്കുന്നതാണ് വക്താവിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ.
രാജ്യത്തിനകത്തെ അസ്വസ്ഥരായ യുവാക്കളുടെ കൂട്ടായ്മ എന്ന നിലയിലാണ് സിജെപി തുടക്കത്തിൽ പ്രചാരണം നടത്തിയത്. ബിജെപിയുടെ സോഷ്യൽ മീഡിയ പേജിനെ മറികടന്ന് വളർന്നുവെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇതിന്റെ ഫോളോവേഴ്സിൽ വലിയൊരു വിഭാഗവും പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഇൻസൈറ്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും നിലവിൽ ഗുരുതരമായ ദുരൂഹത നിലനിൽക്കുന്നുണ്ട്. കേരളത്തിലെ തീവ്ര കമ്യൂണിസ്റ്റ്, രാജ്യവിരുദ്ധ, ജിഹാദി വിഭാഗങ്ങൾ നിലവിൽ സിജെപിക്ക് പിന്തുണയുമായി രംഗത്തുണ്ട്.
അമേരിക്കയിൽ താമസിക്കുന്ന അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനാണ് സിജെപിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2020-23 കാലയളവിൽ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഇയാൾ ഇപ്പോൾ ബോസ്റ്റൺ സർവകലാശാലയിൽ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയാണ്. ഡൽഹിയിൽ ഒത്തുകൂടാനും മനുഷ്യച്ചങ്ങല തീർക്കാനും നൽകിയ ആഹ്വാനങ്ങൾ ഗൂഢമായ ലക്ഷ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിദേശ രാജ്യങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഇവർ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സിജെപിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.