ചെന്നൈ: തമിഴക വെട്രി കഴഗം സ്ഥാപകനായ വിജയ് ഉൾപ്പെടെയുള്ളവർക്ക് മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച നോട്ടീസ് അയച്ചു. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കുട്ടികളെ ഉപയോഗിച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക നടപടി.
കടലൂർ ജില്ലയിലെ അഭിഭാഷകൻ എൽ വാസുകി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് പരിഗണിച്ചത്. ഹർജിയിൽ വിജയ് കൂടാതെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസർ, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി എന്നിവർക്കും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മെയ് 29-ലേക്ക് മാറ്റി വെച്ചു.
കഴിഞ്ഞ ഏപ്രിൽ 21-ന് ചെന്നൈ വൈഎംസിഎ ഗ്രൗണ്ടിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ, മാതാപിതാക്കളെ തന്റെ പാർട്ടിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്ന് വിജയ് കുട്ടികളോട് ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123 പ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അനാവശ്യ സ്വാധീനം ചെലുത്തുന്ന അഴിമതിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ, മൈലാപ്പൂർ, ആലങ്കുളം, തിരുമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി അന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.