ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ഊർജ്ജ, അവശ്യവസ്തുക്കളുടെ വിതരണം കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിതല സമിതിയുടെ വിലയിരുത്തലിന് ശേഷം പ്രതിരോധമന്ത്രിയുടെ പ്രതികരണം ഉണ്ടായി. പശ്ചിമേഷ്യൻ സാഹചര്യങ്ങൾ രാജ്യത്തെ സാമ്പത്തിക, വാണിജ്യ മേഖലകളെ എങ്ങനെ ബാധിക്കുമെന്നു വിലയിരുത്തുന്നതിനായി രൂപീകരിച്ച ഇൻഫോർമൽ എംപവേർഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സിൻ്റെ (IGoM) അഞ്ചാമത്തെ യോഗം ചേർന്നു. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് രാജ്നാഥ് സിങ് വിവരങ്ങൾ പങ്കുവെച്ചത്. രാജ്യത്തെ ഊർജ വിതരണ ശൃംഖല നേരിടാനിടയുള്ള വെല്ലുവിളികളെക്കുറിച്ചും, അവശ്യവസ്തുക്കളുടെ ആഭ്യന്തര ലഭ്യതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
എല്ലാ അവശ്യവസ്തുക്കളുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിതരണ ശൃംഖലയിൽ ഭാവിയിൽ ക്ഷാമമോ തടസ്സങ്ങളോ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ജനങ്ങൾ ശാന്തരായിരിക്കണമെന്നും, പരിഭ്രാന്തരായി അവശ്യവസ്തുക്കൾ വാങ്ങിക്കൂട്ടേണ്ടതില്ലെന്നും മന്ത്രി അഭ്യർത്ഥിച്ചു.