വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തുവെന്നാരോപിച്ച് മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി അറസ്റ്റിൽ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും അതിലെ അക്കങ്ങളുടെ വ്യാഖ്യാനവുമാണ് അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. അറസ്റ്റിലായ കോമിയെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു.
2025 മെയ് മാസത്തിൽ കടൽത്തീരത്ത് കക്കത്തോടുകൾ ഉപയോഗിച്ച് ’86 47′ എന്ന് എഴുതിവെച്ചിരിക്കുന്ന ചിത്രം കോമി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ‘കൂൾ ഷെൽ ഫോർമേഷൻ’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഒറ്റനോട്ടത്തിൽ വെറും നാല് അക്കങ്ങളാണെന്ന് തോന്നാമെങ്കിലും അമേരിക്കൻ സാഹചര്യത്തിൽ ഇതിന് പിന്നിൽ വലിയൊരു അർത്ഥമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കൻ സ്ലാങ്ങിൽ ’86’ എന്നാൽ ഒരാളെ കൊലപ്പെടുത്തുക അല്ലെങ്കിൽ ഇല്ലായ്മ ചെയ്യുക എന്നാണ് അർത്ഥം (ഭക്ഷണശാലകളിൽ ഒരു വിഭവം തീർന്നു എന്നറിയിക്കാനും ഈ കോഡ് ഉപയോഗിക്കാറുണ്ട്). യുഎസിന്റെ 47-ാമത് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. ഈ രണ്ട് അക്കങ്ങളും ചേർത്തുവായിക്കുമ്പോൾ ’47-ാമത്തെ പ്രസിഡന്റിനെ (ട്രംപിനെ) തീർത്തുകളയുക’ എന്ന സന്ദേശമാണ് ജയിംസ് കോമി നൽകിയതെന്നാണ് പ്രധാന ആരോപണം.
സംഭവം വിവാദമായതോടെ താൻ ആ അർത്ഥത്തിലല്ല പോസ്റ്റ് ഇട്ടതെന്ന് വ്യക്തമാക്കി കോമി ചിത്രം പിൻവലിച്ചു. എന്നാൽ ട്രംപിന്റെ കടുത്ത വിമർശകനായ കോമിക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിലാണ് ഭരണകൂടം. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോമിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ജയിംസ് കോമി പ്രതികരിച്ചു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 2013 മുതൽ 2017 വരെ എഫ്ബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ജയിംസ് കോമി. ട്രംപിന്റെ നയങ്ങളെ വിമർശിക്കുന്നവരിൽ പ്രമുഖനാണ് അദ്ദേഹം.