കേരളം: നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പലയിടത്തും ഹർത്താൽ അനുകൂലികൾ ബസുകൾ തടഞ്ഞു.
തലസ്ഥാനമായ തിരുവനന്തപുരത്ത് ഉൾപ്പെടെ ഹർത്താൽ അനുകൂലികൾ ഗതാഗതം തടസ്സപ്പെടുത്തി. നിതിൻ രാജ് പഠിച്ചിരുന്ന അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് സ്ഥിതി ചെയ്യുന്ന കണ്ണൂരിലും സമരക്കാർ റോഡുകൾ ഉപരോധിക്കുകയും ബസുകൾ തടയുകയും ചെയ്തു. എന്നാൽ സംസ്ഥാനത്തുടനീളം കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്. ആശുപത്രി, പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനവും തെറ്റായ സമീപനവുമാണ് നിതിൻ രാജിന്റെ മരണകാരണമെന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. വിദ്യാർത്ഥിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും ഉത്തരവാദികളായവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്. ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.