തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിലെ ഒഴിവുകൾ അടിയന്തരമായി നികത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി സി.എ. കബീർ നിർദേശം നൽകി. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റിൽ ജിഎസ്ടി കമ്മീഷണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കർശന ഇടപെടൽ.
സംസ്ഥാന ജിഎസ്ടി വകുപ്പിൽ നിലവിൽ മുപ്പതോളം ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഒഴിവുകളാണുള്ളത്. ഈ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഒഴിവ് വരുന്ന എസ്ടിഒ കേഡർ തസ്തികകളുടെ വിവരങ്ങൾ പിഎസ്സിയെ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്. ട്രൈബ്യൂണൽ വിധി പ്രകാരം സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് നിലവിൽ യാതൊരു നിയമതടസ്സങ്ങളുമില്ല.
എന്നാൽ ജിഎസ്ടി കമ്മീഷണർ അജിത് പാട്ടീൽ ഐഎഎസ് ഫയലിൽ ഒപ്പിടാത്തതിനെതിരെ വകുപ്പിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാതെ വകുപ്പ് കടുത്ത പ്രതിസന്ധി നേരിടുമ്പോഴും ഫയലുകൾ വെച്ചുതാമസിപ്പിക്കുകയാണെന്നാണ് പ്രധാന ആക്ഷേപം. 2026 മാർച്ച് 17-ന് ജിഎസ്ടി കമ്മീഷണറുടെ പരിഗണനയ്ക്കെത്തിയ ഫയൽ, ഒപ്പിടാതെ മാർച്ച് 31-ന് അഡീഷണൽ കമ്മീഷണർക്ക് തന്നെ തിരികെ അയക്കുകയായിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും സ്ഥാനക്കയറ്റം സംബന്ധിച്ച വിഷയത്തെ കമ്മീഷണർ തികഞ്ഞ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പ്രധാന വിമർശനം. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ഉത്തരവ് വകുപ്പിന് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.