തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയുണ്ടായ വൻ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 40-ൽ അധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മുണ്ടത്തിക്കോട് ലൈസൻസിയായ സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ടു വലിയ സ്ഫോടനങ്ങളാണ് ആദ്യം കേട്ടതെന്നും, കിലോമീറ്ററുകളോളം പ്രകമ്പനം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.
തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന ലൈസൻസിയുടെ വെടിക്കെട്ട് പുരയിലാണ് ഈ മാസം 24-ന് നടക്കാനിരിക്കുന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള സാമഗ്രികൾ നിർമ്മിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനും സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്.
രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയ ഘടകങ്ങളിൽ ഒന്നാണ് അപകടസ്ഥലത്തേക്കുള്ള വഴിക്ക് വീതി കുറവാണെന്നത്. ഫയർഫോഴ്സ് സംഘത്തിന് എത്താൻ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് സംഘം സംഭസ്ഥലത്തേക്ക് കടന്നത്. അപകടത്തിന് ശേഷവും പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.