ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ സുപ്രധാന നിരീക്ഷണം നടത്തി സുപ്രീംകോടതി. ക്ഷേത്രാചാരങ്ങളെയും വിശ്വാസങ്ങളെയും അവിശ്വാസികൾ ചോദ്യം ചെയ്യേണ്ടതില്ലെന്ന് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. യഥാർത്ഥ വിശ്വാസികൾ ഒരിക്കലും വിശ്വാസത്തിന് പിന്നിലെ യുക്തിയെ ചോദ്യം ചെയ്യാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു അവിശ്വാസി എക്കാലവും അവിശ്വാസിയായി തന്നെ തുടരുന്നതിനാൽ, അവർ ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നാണ് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം.
ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെന്നും അവ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും മുൻ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.വി. ഗിരി സുപ്രീംകോടതിയിൽ വാദിച്ചു. ഏതെങ്കിലും തരത്തിലുള്ള വ്യതിചലനമോ ലംഘനമോ ഉണ്ടായാൽ അത് വിഗ്രഹത്തിന്റെ പവിത്രത നഷ്ടപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമലയിലെ പ്രതിഷ്ഠയുടെ സവിശേഷതകൾ കാരണം സ്ത്രീകൾക്ക് പ്രവേശിക്കാൻ കഴിയില്ലെങ്കിൽ, അതിനെ മതത്തിന്റെ സവിശേഷതകളുമായി സമന്വയിപ്പിച്ച് കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയിലെ ദേവൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും കേരളത്തിലെ സമൂഹം ഈ ആചാരങ്ങളെ മതത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ സ്ത്രീകൾക്ക് ഈ ആചാരത്തിന്റെ പ്രാധാന്യം അറിയാമെന്നും അവർ അത് പൂർണ്ണഹൃദയത്തോടെ ഉൾക്കൊള്ളുകയും സഹകരിക്കുകയും ചെയ്യുന്നുണ്ടെന്നും വി.വി. ഗിരി വ്യക്തമാക്കി.