ഡൽഹി:ഡൽഹി മദ്യനയക്കേസിൽ സിബിഐയുടെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മനീഷ് സിസോദിയയും നൽകിയ ഹർജി കോടതി തള്ളിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിൽ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ പെൺമക്കൾ കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരാണെന്നും, സിബിഐക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇവർക്ക് കേസുകൾ അനുവദിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കേജ്രിവാൾ, ജഡ്ജിയുടെ പിന്മാറ്റം ആവശ്യപ്പെട്ടത്. ജഡ്ജി കേസ് പരിഗണിക്കുന്നത് വിധിയിൽ പക്ഷപാതമുണ്ടാക്കാൻ ഇടയാക്കുമെന്നായിരുന്നു ഹർജിക്കാർ വാദിച്ചത്. എന്നാൽ, വ്യക്തിപരമായ ആശങ്കകൾ പക്ഷപാതപരമായ നിലപാടായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ ഘട്ടത്തിൽ കേസിൽ നിന്ന് പിന്മാറുന്നത് നീതിന്യായ വ്യവസ്ഥയുടെ കീഴടങ്ങലായി കണക്കാക്കുമെന്നും, ജഡ്ജിമാരെയും കോടതിയെയും സ്വാധീനിക്കാനോ മാറ്റാനോ കഴിയുമെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകുമെന്നും കോടതി നിരീക്ഷിച്ചു.
ഒരു കേസിൽ നിന്നുള്ള ജഡ്ജിയുടെ പിന്മാറ്റം നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാകരുതെന്നും കോടതി വ്യക്തമാക്കി. തന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത സാഹചര്യത്തിൽ സ്വാഭാവികമായും പിന്മാറാൻ തോന്നിയെങ്കിലും, നീതിപൂർവമായ നടപടിക്കായി വാദം കേൾക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ശർമ കൂട്ടിച്ചേർത്തു. ഹർജിക്കാരുടെ ആവശ്യത്തെ സിബിഐ ശക്തമായി എതിർത്തു. ഇത്തരം വാദങ്ങൾ അംഗീകരിച്ചാൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ കേൾക്കാൻ ഒരു ജഡ്ജിക്കും കഴിയില്ലെന്ന് സിബിഐ വാദിച്ചു. കഴിഞ്ഞ ഫെബ്രുവരി 27-ന് വിചാരണ കോടതി കേജ്രിവാളിനെയും സിസോദിയയെയും മദ്യനയക്കേസിൽ നിന്ന് വിട്ടയച്ചിരുന്നു. ഈ വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.