അമേരിക്കയിൽനിന്ന് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയെച്ചൊല്ലി പ്രമുഖ ടെക് സിഇഒമാർ തമ്മിൽ വാക്പോര്. എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ (Anthropic) സിഇഒ ഡാരിയോ അമോദെയിയും ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ (Nvidia) സിഇഒ ജെൻസൻ ഹുവാങ്ങുമാണ് ഏറ്റുമുട്ടുന്നത്. യു.എസ് കമ്പനികൾ ചൈനയ്ക്ക് ആധുനിക ചിപ്പുകൾ നൽകുന്നത് ഉത്തര കൊറിയയ്ക്ക് ആണവായുധം വിൽക്കുന്നതിന് തുല്യമാണെന്ന അമോദെയിയുടെ പരാമർശമാണ് ഹുവാങ്ങിനെ ചൊടിപ്പിച്ചത്.
അടുത്തിടെ എഴുതിയ ഒരു ലേഖനത്തിലാണ് അമോദെയി എൻവിഡിയയെ പരോക്ഷമായി ലക്ഷ്യമിട്ട് പരാമർശം നടത്തിയത്. എഐ വികസനത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ചൈനയ്ക്ക് നൂതനമായ ചിപ്പുകൾ വിൽക്കുന്നത് അവർക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ ഇടയാക്കുമെന്ന് അമോദെയി വാദിച്ചിരുന്നു. ‘ചൈനീസ് കമ്പനികൾക്ക് ചിപ്പ് നൽകുന്നത് ഉത്തര കൊറിയയ്ക്ക് ആണവായുധം വിൽക്കുന്നതിന് തുല്യമാണ്. എന്നിട്ട് മിസൈൽ ഭാഗങ്ങൾ ബോയിങ് നിർമ്മിച്ചുവെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് സമാനമാണ്’ – ഇതായിരുന്നു ലേഖനത്തിലെ പരാമർശം. എൻവിഡിയയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ചൈനയിലേക്കുള്ള യുഎസ് ചിപ്പ് വിൽപ്പന തുടരണമെന്ന് വാദിച്ച ഹുവാങ്ങിനെയാണ് ഈ വിമർശനം ലക്ഷ്യമിടുന്നതെന്ന് വ്യാപകമായി വിലയിരുത്തപ്പെട്ടു.
സമാനമായ പരാമർശം ഒരു പോഡ്കാസ്റ്റിലും ഉയർന്നുവന്നതോടെ എൻവിഡിയ സിഇഒ ശക്തമായി പ്രതികരിച്ച് രംഗത്തെത്തി. ‘ബുദ്ധിശൂന്യം’ എന്നാണ് അമോദെയിയുടെ വാദത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അമോദെയിയുടെ വാദം ഹുവാങ് പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇത്തരത്തിൽ എഐയെ താരതമ്യം ചെയ്യുന്നത് ബുദ്ധിശൂന്യമാണെന്നും എൻവിഡിയയുടെ ചിപ്പുകൾ സമ്പുഷ്ട യുറേനിയം അല്ല, മറിച്ച് ചൈനയ്ക്ക് സ്വയം നിർമ്മിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയെ ന്യായീകരിച്ച ഹുവാങ് അത് എൻവിഡിയയ്ക്ക് പ്രതിവർഷം 50 ബില്യൺ ഡോളർ വരെ വരുമാനമുണ്ടാക്കുമെന്ന് അവകാശപ്പെട്ടു. ചിപ്പ് വിൽക്കാതിരുന്നാൽ അത് ആഗോള എഐ വികസനത്തെ വിഭജനത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൈനയിൽ വികസിപ്പിക്കുന്ന ഓപ്പൺ-സോഴ്സ് മോഡലുകളും യുഎസിൽ ആധിപത്യം സ്ഥാപിക്കുന്ന ക്ലോസ്ഡ്-സോഴ്സ് മോഡലുകളും എന്നിങ്ങനെ എഐ വികസനം രണ്ടായി വിഭജിക്കപ്പെടുമെന്നും ഇത് അമേരിക്കയ്ക്ക് ഭയാനകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഹുവാങ് കൂട്ടിച്ചേർത്തു.
ചൈനയിലേക്കുള്ള യുഎസ് ചിപ്പ് കയറ്റുമതിയെ ശക്തമായി എതിർക്കുന്നവരിൽ പ്രധാനിയാണ് അമോദെയി. നൂതനമായ ചിപ്പുകൾ നിർമ്മിക്കുന്നതിൽ ചൈന വളരെ പിന്നിലാണെന്നും അമേരിക്കയുടെ സാങ്കേതിക മുന്നേറ്റം നിലനിർത്താൻ ചിപ്പ് കയറ്റുമതി നിയന്ത്രണം അനിവാര്യമാണെന്നും അദ്ദേഹം വാദിക്കുന്നു. എന്നാൽ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിപണി നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നാണ് ഹുവാങ് നിലപാട് വ്യക്തമാക്കുന്നത്.