ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. അസം മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല മുൻകൂർ ജാമ്യം നീട്ടിനൽകണമെന്ന പവൻ ഖേരയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ചൊവ്വാഴ്ച വരെ മുൻകൂർ ജാമ്യം നീട്ടണമെന്നായിരുന്നു ഖേരയുടെ ആവശ്യം. എന്നാൽ, ഈ വിഷയത്തിൽ അസമിലെ ബന്ധപ്പെട്ട കോടതിയെ തന്നെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അസമിലെ കോടതിയിൽ സമർപ്പിക്കുന്ന അപേക്ഷ രേഖകളുടെയും മെറിറ്റിന്റെയും അടിസ്ഥാനത്തിൽ സ്വതന്ത്രമായി പരിഗണിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പവൻ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി, ഗുവാഹത്തിയിൽ ഇ-ഫയലിംഗ് സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ‘ഒരു വേട്ടനായയെപ്പോലെയാണ് അവർ അദ്ദേഹത്തെ പിന്തുടരുന്നത്’ എന്ന് അദ്ദേഹം വാദിച്ചു. പവൻ ഖേര കുറ്റവാളിയോ ഭീകരവാദിയോ ആണോ എന്നും അദ്ദേഹം ചോദിച്ചു.
റിനികി ഭുയാൻ ശർമ്മയ്ക്ക് ഒന്നിലധികം പാസ്പോർട്ടുകൾ ഉണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് അസമിൽ ഫയൽ ചെയ്ത എഫ്.ഐ.ആറിലാണ് ഈ നിയമനടപടികൾ നടക്കുന്നത്. സുപ്രീം കോടതി നേരത്തെ നൽകിയ ഉത്തരവുകളിലെ നിരീക്ഷണങ്ങൾ അസം കോടതിയുടെ തീരുമാനത്തെ ഒരു തരത്തിലും സ്വാധീനിക്കരുതെന്നും ബെഞ്ച് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.