മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് സൂര്യകുമാർ യാദവ്. എന്നാൽ, സമീപകാലത്തെ താരത്തിന്റെ ബാറ്റിങ് ഫോം ടീം മാനേജ്മെന്റിനും ബി.സി.സി.ഐയ്ക്കും വലിയ തലവേദനയായിരിക്കുകയാണ്. ഏകദിന ലോകകപ്പിൽ ഉടനീളം 242 റൺസാണ് താരം നേടിയത്. യു.എസ്.എയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ 49 പന്തിൽ പുറത്താകാതെ നേടിയ 84 റൺസായിരുന്നു സൂര്യയുടെ ഏറ്റവും മികച്ച പ്രകടനം. എന്നാൽ ഈ മത്സരത്തിന് ശേഷം റൺസ് കണ്ടെത്താൻ താരം ഏറെ പ്രയാസപ്പെട്ടു. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് തുടങ്ങിയ ടീമുകൾക്കെതിരെ യഥാക്രമം 18, 18, 11, 0 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകൾ.
ഐ.പി.എൽ സീസണിലും മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങാൻ സൂര്യയ്ക്ക് സാധിച്ചില്ല. ആദ്യ നാല് മത്സരങ്ങളിലും പരാജയപ്പെട്ട താരത്തിന് ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 51 റൺസ് ഉൾപ്പെടെ ആകെ 106 റൺസ് മാത്രമാണ് നേടാനായത്. 2025 വർഷം താരത്തിന് മോശമായിരുന്നുവെങ്കിലും 2026-ൽ തിരിച്ചുവരവ് നടത്തി നാല് അർദ്ധ സെഞ്ചുറികൾ താരം സ്വന്തമാക്കിയിരുന്നു.
2028-ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലും ഇന്ത്യയെ നയിക്കാൻ സൂര്യകുമാർ തന്നെ വേണോ എന്ന കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ട്. ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകൾ സൂര്യയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായിരിക്കും. ക്യാപ്റ്റൻ എന്ന നിലയിൽ തിളങ്ങുമ്പോഴും ബാറ്റിങ്ങിൽ സ്ഥിരത പുലർത്തേണ്ടത് അനിവാര്യമാണ്. 2028 വരെയുള്ള അദ്ദേഹത്തിന്റെ സ്ഥാനം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തീരുമാനിക്കുക. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ ആദ്യ പരിഗണന സൂര്യകുമാർ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. തന്റെ കരാർ 2028-ലെ ലോകകപ്പ് വരെ നീട്ടിക്കിട്ടാൻ ഗംഭീർ ബി.സി.സി.ഐയെ സമീപിച്ചിട്ടുണ്ട്. നിലവിൽ 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധി. 2028 ഒളിമ്പിക്സിൽ സ്വർണ്ണം നേടുക എന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് സൂര്യകുമാർ പറഞ്ഞിരുന്നു. എന്നാൽ അപ്പോഴത്തേക്ക് താരത്തിന് 38 വയസ്സാകും. ഈ സാഹചര്യത്തിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സൂര്യയുടെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കും എന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.