ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് വേഗതയേറുന്നു. നിലവിലുള്ള 543 സീറ്റുകളിൽ നിന്ന് 850 ആയി വർദ്ധിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന്റെ കരട് എംപിമാരുടെ പോർട്ടലിൽ ലഭ്യമാക്കി. ഇത് ഈ മാസം 16-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
പുതിയ കരട് ബില്ലനുസരിച്ച്, ആകെ ലോക്സഭാ സീറ്റുകൾ 850 ആയി ഉയരും. ഇതിൽ 815 സീറ്റുകൾ സംസ്ഥാനങ്ങളിൽ നിന്നും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായിരിക്കും. പുതുക്കിയ 850 സീറ്റുകളിൽ മൂന്നിലൊന്ന് (1/3) വനിതകൾക്കായി സംവരണം ചെയ്യുമെന്നും എന്നാൽ മണ്ഡല പുനർനിർണ്ണയ പ്രക്രിയ പൂർത്തിയായ ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ എന്നും വ്യവസ്ഥയുണ്ട്. മണ്ഡലങ്ങൾ പുനർവിഭജിക്കുന്നതിനായി ഒരു സുപ്രീം കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോ അദ്ദേഹം നിർദ്ദേശിക്കുന്ന പ്രതിനിധിയോ അംഗമായിട്ടുള്ള ഒരു പ്രത്യേക കമ്മീഷനെ രൂപീകരിക്കും.
നിലവിൽ 1971-ലെ സെൻസസ് അനുസരിച്ചാണ് ലോക്സഭയുടെ ഘടന നിലനിൽക്കുന്നത്. പുതിയ ബില്ലിലൂടെ ഭരണഘടനയുടെ ആർട്ടിക്കിൾ 82 ഭേദഗതി ചെയ്യാനാണ് നിർദ്ദേശം. മണ്ഡല പുനർനിർണ്ണയം പൂർത്തിയാക്കിയ ശേഷം വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സുപ്രധാന നീക്കം രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. പ്രത്യേക സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുന്നതോടെ ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവരും.