തിരുവനന്തപുരം: ഓല ഇലക്ട്രിക് മൊബിലിറ്റിക്ക് തിരിച്ചടികൾക്കൊടുവിൽ തിരിച്ചുവരവ്. വിൽപ്പനയും വരുമാനവും കുറഞ്ഞ് ഓഹരി വില ഇടിഞ്ഞത് കമ്പനിക്ക് തിരിച്ചടിയായിരുന്നു. ഉപഭോക്താക്കളുടെ പരാതികളും ഇതിന് കാരണമായി. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിവിലയിൽ 72 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി ഓല മുന്നേറ്റം നടത്തി.
വിപണിയിലെ മാന്ദ്യത്തിനിടയിലും ഓലയുടെ ഓഹരികളിലുണ്ടായ ഈ മുന്നേറ്റത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഇന്ധന ലഭ്യത കുറയുകയും പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന വിലയിരുത്തലുകളും ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്പര്യം വർധിപ്പിച്ചു. ഓല പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത് ഘടകഭാഗങ്ങൾക്കായി വിദേശ കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള പ്രഖ്യാപനങ്ങളും കമ്പനിക്ക് ഗുണം ചെയ്തു. മാർച്ചിൽ വിൽപ്പന വർധിച്ചതും ഓഹരി വിപണിയിൽ പ്രതീക്ഷ നൽകി.
കഴിഞ്ഞ സാമ്പത്തിക വർഷം ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഓലയുടെ വിറ്റുവരവ് 470 കോടി രൂപയായി കുറഞ്ഞിരുന്നു. നഷ്ടം 487 കോടി രൂപയായി ഉയർന്നു. ഈ തകർച്ചയ്ക്കിടയിലും കമ്പനി തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു.