ഭുവനേശ്വർ: ഉയർന്ന പദവിയിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥ, ഒഡീഷ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധന ദാസ് എന്നിവർക്കെതിരെ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതി. കട്ടക്കിൽ ഭൂമി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഭിന്നശേഷിക്കാരനായ വ്യക്തിയിൽ നിന്ന് 95 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.
കട്ടക്ക് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (CDA) പരിധിയിലുള്ള സ്ഥലം വാഗ്ദാനം ചെയ്ത് കമൽ കുമാർ ഭാവ്സിങ്ക എന്നയാളെയാണ് ആരാധന ദാസ് വഞ്ചിച്ചത്. ഭാര്യ ബീന വഴി രണ്ട് ദിവസങ്ങളിലായി ബാങ്ക് ഓഫ് ഇന്ത്യ മുഖേനയാണ് പണം കൈമാറിയത്. ഇടപാടുകളിൽ ഭൂരിഭാഗവും ബാങ്ക് വഴിയാണെങ്കിലും ചെറിയൊരു തുക നേരിട്ടും കൈപ്പറ്റിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥ പണം ചിലവഴിച്ചു പോയെന്നും തിരികെ നൽകാനാവില്ലെന്നും അറിയിച്ചു. ഇതിനെ തുടർന്ന് പരാതിക്കാരനെതിരെ വധഭീഷണി മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. സി.ഡി.എ ഫേസ് 2 പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പണമിടപാട് നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പോലീസ് കമ്മീഷണർ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെയും പൊതുഭരണ വകുപ്പിൻ്റെയും അനുമതി തേടിയിട്ടുണ്ട്. ആരാധന ദാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.