ബഹിരാകാശം: ചന്ദ്രൻ ഇനി പുതിയ പോരാട്ടങ്ങൾക്കും നിക്ഷേപങ്ങൾക്കും വേദിയാകുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമിടുന്നത് ഒരു കാൽപ്പാട് പതിപ്പിക്കാൻ മാത്രമല്ല, അവിടുത്തെ അപൂർവ നിധികളിൽ അവകാശം സ്ഥാപിക്കാനാണ്. ആർട്ടെമിസ്-2 ദൗത്യം മുന്നേറുന്ന ഈ വേളയിൽ, ചന്ദ്രനിലെ വാട്ടർ ഐസും ഹീലിയം-3യും ആര് നിയന്ത്രിക്കുമെന്നതിനെക്കുറിച്ചാണ് ശാസ്ത്രലോകം ചർച്ച ചെയ്യുന്നത്. ശാസ്ത്ര പര്യവേക്ഷണം എന്നതിലുപരി ചാന്ദ്രയാത്രകൾ ഒരു പുതിയ ‘കൊളോണിയൽ നീക്കങ്ങളായി’ മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ വ്യക്തമാകുന്നത്. ചന്ദ്രനിലെ വിലപ്പെട്ട വിഭവങ്ങൾ കൈക്കലാക്കാൻ യുഎസ്, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിൽ മത്സരം കടുക്കുകയാണ്.
ചന്ദ്രനിലെ വിഭവങ്ങൾ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള വ്യവസായ സാധ്യതകളാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇരുളടഞ്ഞ ഗർത്തങ്ങളിലുള്ള വാട്ടർ ഐസ് ഈ സ്പേസ് റേസിലെ പ്രധാനപ്പെട്ട ഇനമാണ്. ഇത് കുടിവെള്ളമായി ഉപയോഗിക്കുന്നതിലുപരി, ഹൈഡ്രജനും ഓക്സിജനുമായി വേർതിരിച്ച് റോക്കറ്റ് ഇന്ധനമായി മാറ്റാമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയിലേക്കടക്കമുള്ള ബഹിരാകാശ യാത്രകൾക്ക് ഭൂമിയിൽ നിന്ന് ഇന്ധനം കൊണ്ടുപോകാനുള്ള ഭീമമായ ചെലവ് ഒഴിവാക്കി ചന്ദ്രനെ ഒരു ‘ഗ്യാസ് സ്റ്റേഷൻ’ ആയി ഉപയോഗിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിലെ ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി ഹീലിയം-3യെ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ഭൂമിയിൽ അതീവ അപൂർവമായ ഈ ഐസോടോപ്പ് ചന്ദ്രനിൽ സുലഭമാണെന്നും സുരക്ഷിതവും മലിനീകരണമില്ലാത്തതുമായ ന്യൂക്ലിയർ ഫ്യൂഷൻ ഊർജ്ജത്തിന് ഇത് അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തപ്പെടുന്നു.
ഇതുകൂടാതെ സ്മാർട്ട്ഫോണുകൾ, ബാറ്ററികൾ, അത്യാധുനിക ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ആവശ്യമായ സ്കാൻഡിയം, യട്രിയം തുടങ്ങിയ അപൂർവ ഭൂമി ധാതുക്കളും (Rare Earth Elements) ചന്ദ്രനിലുണ്ട്. പര്യവേക്ഷണ ദൗത്യങ്ങൾക്കൊപ്പം ചന്ദ്രന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നിയമപരമായ നീക്കങ്ങളും ഇപ്പോൾ സജീവമാണ്. ചന്ദ്രൻ ഒരു പുതിയ കോളനിയായി മാറുന്നതിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങൾ വരും കാലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും. പ്രധാനമായും യുഎസ്എയും ചൈനയും തമ്മിലുള്ള ചാന്ദ്ര ആധിപത്യത്തിനായുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.