ന്യൂഡൽഹി: ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജ്ജിതമാക്കി. സാധാരണ ഗാർഹിക സിലിണ്ടറുകളുടെ ബുക്കിംഗ് ഇടവേള വർദ്ധിപ്പിച്ചത് ഉപഭോക്താക്കളെ വലയ്ക്കുന്ന സാഹചര്യത്തിൽ, 5 കിലോഗ്രാം ഭാരമുള്ള ‘ചോട്ടു’ സിലിണ്ടറുകൾ വ്യാപകമായി വിതരണത്തിനെത്തിക്കുന്നത് ആശ്വാസമായി. പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ 12 ദിവസത്തിനിടെ 6.6 ലക്ഷം അഞ്ച് കിലോ സിലിണ്ടറുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്തത്. ശനിയാഴ്ച മാത്രം 90,000 സിലിണ്ടറുകൾ വിപണിയിലെത്തിച്ചു. തിരിച്ചറിയൽ രേഖ മാത്രം നൽകി മുൻകൂട്ടി ബുക്ക് ചെയ്യാതെയും സങ്കീർണ്ണമായ പേപ്പർ ജോലികളില്ലാതെയും ഇവ കൈപ്പറ്റാം. ഒറ്റ സിലിണ്ടർ മാത്രമുള്ളവർക്കും കൈവശമുള്ള സിലിണ്ടറുകൾ തീർന്ന് ബുക്കിംഗ് കാലാവധി കാത്തിരിക്കുന്നവർക്കുമാണ് ഇത് ഏറെ പ്രയോജനകരം.
ചെറിയ സിലിണ്ടറുകൾക്ക് പുറമെ സാധാരണ ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മാത്രം 51 ലക്ഷത്തിലധികം ഗാർഹിക സിലിണ്ടറുകളാണ് മന്ത്രാലയം വിതരണം ചെയ്തത്. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ കപ്പലുകൾ എത്തുന്നുണ്ട്. ഹോർമുസ് കടലിടുക്ക് കടന്ന് ‘ഗ്രീൻ സാൻഡ്വിച്ച്’ എന്ന കപ്പൽ നേരത്തെ എത്തിയിരുന്നു. ഇതിൽ 46,650 മെട്രിക് ടൺ എൽപിജി അടങ്ങിയിരുന്നു. ഇതിനു പിന്നാലെ ‘ഗ്രീൻ ആശ’ എന്ന കപ്പൽ കൂടി ഇന്ത്യയിലേക്ക് അടുക്കുകയാണ്. ഈ കപ്പലിൽ 20,000 മെട്രിക് ടൺ എൽപിജിയാണ് ലഭ്യമായുള്ളത്. പ്രതിസന്ധി തുടങ്ങിയ ശേഷം രാജ്യത്തെത്തുന്ന എട്ടാമത്തെ എൽപിജി ടാങ്കറാണിത്. ഇതോടെ വരും ദിവസങ്ങളിൽ പാചകവാതക വിതരണത്തിലെ തടസ്സങ്ങൾ പൂർണ്ണമായും നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.