കൊച്ചി: മലബാർ മേഖലയിലെ ക്ഷേത്ര ജീവനക്കാർക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്ന 1994-ലെ ഹൈക്കോടതി ഉത്തരവ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഭരണനിർവഹണ വിഭാഗം കാഴ്ചക്കാരായി നിൽക്കുന്നത് നിയമവാഴ്ചയ്ക്ക് നിരക്കുന്നതല്ലെന്നും, ഇത് ജനാധിപത്യ സർക്കാരിന് ചേർന്ന നടപടിയല്ലെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
മലബാർ മേഖലയിലെ ക്ഷേത്ര ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തണമെന്നും, തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലെ ജീവനക്കാർക്ക് ലഭിക്കുന്നതിന് സമാനമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് ഇപ്പോഴും തുച്ഛമായ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വവും കോടതി എടുത്തുപറഞ്ഞു. ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി വനഭൂമി ഏറ്റെടുത്തതിലൂടെ ലഭിക്കുന്ന വരുമാനം വിനിയോഗിക്കണമെന്ന നിർദേശവും കോടതി നേരത്തെ നൽകിയിരുന്നു.
മാന്യമായ വേതനം ഉറപ്പാക്കുന്നതിനായി സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് 1994-ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതിയും ശരിവെച്ചതാണ്. എന്നിട്ടും കാര്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം. സർക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി അഡ്വക്കറ്റ് ജനറൽ നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകും. സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാൻ സർക്കാർ രണ്ടാഴ്ച സമയം തേടിയിട്ടുണ്ട്. കേസ് സെപ്റ്റംബർ മൂന്നിന് വീണ്ടും പരിഗണിക്കും. നേരത്തെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികളുടെ രേഖകൾ ഹാജരാക്കാൻ രജിസ്ട്രിക്ക് കോടതി നിർദേശം നൽകി.