ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷയായ ആയുഷ് ഷെട്ടിക്ക് ആദ്യ റൗണ്ടിൽ കടുത്ത വെല്ലുവിളി. ലോക ഒന്നാം നമ്പർ താരമായ ചൈനയുടെ ഷി യുഖിയാണ് ആദ്യ റൗണ്ടിൽ ആയുഷിന്റെ എതിരാളി. നിലവിൽ ലോക റാങ്കിങ്ങിൽ 23-ാം സ്ഥാനത്തുള്ള ആയുഷ്, യുഖിയുമായി മുൻപ് ഏറ്റുമുട്ടിയ മൂന്ന് തവണയും പരാജയപ്പെട്ടിട്ടുണ്ട്. നിലവിലെ ലോക ചാമ്പ്യനായ യുഖി ഇത്തവണത്തെ കിരീട സാധ്യതയുള്ള പ്രധാന താരങ്ങളിൽ ഒരാളാണ്.
ബാഡ്മിന്റൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയ ആയുഷിന് പരിക്കിനെ തുടർന്ന് പിന്നീട് നടന്ന മത്സരങ്ങളിൽ മികച്ച ഫോം നിലനിർത്താൻ സാധിച്ചിരുന്നില്ല. ആദ്യ മത്സരം തന്നെ ലോക ഒന്നാം നമ്പർ താരത്തിനെതിരെ ആയതിനാൽ കടുത്ത സമ്മർദമുണ്ടെന്ന് ആയുഷ് പ്രതികരിച്ചു. ഇതിനായുള്ള കഠിന പരിശീലനത്തിലാണ് താരം. സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന്റെ വലിയ ആവേശത്തിലാണെന്നും ആയുഷ് വ്യക്തമാക്കി.
ഓഗസ്റ്റ് 17 മുതൽ 23 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ആയുഷ് ഷെട്ടിയെ കൂടാതെ ലക്ഷ്യ സെൻ, പി.വി. സിന്ധു, സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം എന്നിവരും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായുണ്ട്.