തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഇന്ന് രാത്രി മുതൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് രാത്രി പത്ത് മണി മുതൽ നാളെ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. തിരുവല്ലം ഉൾപ്പെടെയുള്ള മേഖലകളിൽ ബലി തർപ്പണത്തിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷയുടെയും ക്രമസമാധാനത്തിന്റെയും ഭാഗമായി ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
തിരക്ക് പരിഗണിച്ച് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ആവശ്യമായ സമയമെടുത്ത് നേരത്തെ പുറപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു. തിരുവല്ലം, ശംഖുംമുഖം ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ഗതാഗത തടസ്സം ഒഴിവാക്കാൻ സമയക്രമം മുൻകൂട്ടി ആസൂത്രണം ചെയ്യണം. ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ആൾസെയിന്റ്സ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. കൂടാതെ, തിരുവല്ലം ക്ഷേത്രപരിസരം, ബൈപ്പാസ് റോഡ്, തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽ.പി. സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും.
ഭക്തരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപത്തെ സർവീസ് റോഡിലെ ഗ്രൗണ്ട്, എയർഫോഴ്സ് സ്റ്റേഷൻ കർവ്വ് ഭാഗത്തെ ഗ്രൗണ്ട്, ബെയ്ലി പ്രസ് ഗ്രൗണ്ട്, സുനാമി പാർക്കിന് സമീപത്തെ ഗ്രൗണ്ട്, ശംഖുംമുഖം ദേവീക്ഷേത്ര ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. കർക്കിടക വാവുബലി ദിനത്തിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിച്ച് അധികൃതരുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.