കൊച്ചി: ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. പോലീസ് നടപടി അങ്ങേയറ്റം അപലപനീയമാണെന്നും, ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇരട്ടനീതി നടപ്പാക്കുകയാണെന്നും വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ആരോപിച്ചു.
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയവർക്കെതിരെ പോലും കേസെടുക്കാൻ തയ്യാറാകാത്ത സർക്കാർ, ഹൈന്ദവ സംഘടനകൾക്ക് നേരെ വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തിയവർക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ടി.ജി. മോഹൻദാസിനെ തീവ്രവാദികളെപ്പോലെ കൈകാര്യം ചെയ്ത് കസ്റ്റഡിയിലെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നും അനിൽ വിളയിൽ വ്യക്തമാക്കി.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബുവും പോലീസ് നടപടിക്കെതിരെ രംഗത്തെത്തി. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നും, രാഷ്ട്രീയ പ്രേരിതമായാണ് അറസ്റ്റ് നടപടികൾ നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചില സംഘടിത മതവിഭാഗങ്ങളുടെ പ്രീണനത്തിനുവേണ്ടിയാണ് ഇത്തരത്തിൽ ഇരട്ടനീതി നടപ്പിലാക്കുന്നത്. ഇത് ഒരു വ്യക്തിയുടെ മാത്രം വിഷയമല്ലെന്നും, രാജ്യതാൽപര്യത്തിനായി അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കാനുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നും ആർ.വി. ബാബു കൂട്ടിച്ചേർത്തു. വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ വിവിധ സംഘടനകൾ ആലോചിക്കുന്നതായാണ് വിവരം.