തിരുവനന്തപുരം/കൊല്ലം: തിരുവനന്തപുരത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം സ്വദേശി ജോൺ, അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവർക്കായാണ് നാവികസേനയും കോസ്റ്റ് ഗാർഡും ഉൾപ്പെടെയുള്ള വിവിധ സേനാവിഭാഗങ്ങൾ സംയുക്തമായി തെരച്ചിൽ തുടരുന്നത്. കടലിലെ പ്രതികൂല കാലാവസ്ഥയും ശക്തമായ ഒഴുക്കുമാണ് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായിരിക്കുന്നത്.
നീണ്ടകരയിൽ തിരച്ചിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ അതിവേഗ പട്രോളിങ് കപ്പലായ ഐഎൻഎസ് കൽപേനി വിന്യസിച്ചിട്ടുണ്ട്. കൊച്ചിയിൽനിന്ന് എത്തിയ ഈ കപ്പൽ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടാണ് രക്ഷാദൗത്യത്തിൽ പങ്കാളിയാകുന്നത്. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് സൂചിപ്പിച്ച കേന്ദ്രങ്ങളിൽ നാവികസേനയുടെ പ്രത്യേക ഡൈവിങ് സംഘം പരിശോധന ആരംഭിച്ചു. വെള്ളത്തിനടിയിലെ തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പോർട്ടബിൾ സോണാർ സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ, കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ആകാശ നിരീക്ഷണവും വ്യാപകമാക്കിയിട്ടുണ്ട്. മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി സ്കൂബ ഡൈവിങ് സംഘം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പരിശോധന തുടരുന്നുണ്ട്. വിഴിഞ്ഞം സ്വദേശി ജോണിനായുള്ള തിരച്ചിൽ രാമേശ്വരം ഭാഗത്തേക്കും വ്യാപിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
രക്ഷാദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. തിരച്ചിൽ ഏതെങ്കിലും കാരണത്താൽ മന്ദഗതിയിലാകാൻ അനുവദിക്കില്ലെന്നും ലഭ്യമായ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് ദൗത്യം ഊർജിതമാക്കിയതായും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ ഇന്ധനവും മറ്റ് സംവിധാനങ്ങളും ഉറപ്പാക്കാൻ ഇന്ത്യൻ ഓയിൽ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹകരണം തേടിയിട്ടുണ്ട്. കാണാതായവർ സുരക്ഷിതരായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും തീരദേശവാസികളും.