ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിലൂടെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി ബന്ധവും ചർച്ച ചെയ്തു. നെതന്യാഹുവാണ് പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനും ഇരുനേതാക്കളും തമ്മിൽ ധാരണയായി.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയും അതിൻ്റെ ആഗോള പ്രത്യാഘാതങ്ങളും സംബന്ധിച്ച വിശദമായ വിലയിരുത്തലുകൾ കൂടിക്കാഴ്ചയിൽ നടന്നു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഇരുനേതാക്കളും ആശയവിനിമയം നടത്തി. അഞ്ച് മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ, പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി ബന്ധം നിലനിർത്താനും സഹകരണം തുടരാനും തീരുമാനിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഒമാനുമായി കരാർ ഒപ്പിടുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സംഭവവികാസങ്ങൾ അന്താരാഷ്ട്ര ഊർജ്ജ വിപണിയെയും ആഗോള കടൽഗതാഗതത്തെയും നേരിട്ട് ബാധിക്കുന്നതിനാൽ, ഈ മേഖലയിലെ നീക്കങ്ങൾ ലോകരാജ്യങ്ങൾ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.