മുംബൈ: ബോളിവുഡ് നടി റാണി മുഖർജി ജനിച്ച സമയത്ത് ആശുപത്രിയിൽ വെച്ച് മറ്റൊരു കുഞ്ഞുമായി മാറിപ്പോയെന്ന വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. വർഷങ്ങൾക്ക് മുൻപ് നൽകിയ അഭിമുഖത്തിൽ താരം പങ്കുവെച്ച ഈ സംഭവം വലിയ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. 1978 മാർച്ച് 21-നായിരുന്നു സംവിധായകനും നിർമ്മാതാവുമായ റാം മുഖർജിയുടെയും കൃഷ്ണ മുഖർജിയുടെയും മകളായി റാണി ജനിച്ചത്.
പ്രസവശേഷം പതിവ് പരിശോധനകൾക്കായി കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നതിനിടെയാണ് അബദ്ധത്തിൽ കുഞ്ഞുങ്ങൾ പരസ്പരം മാറിപ്പോയത്. പരിശോധന കഴിഞ്ഞു കുഞ്ഞിനെ തിരികെ കൊണ്ടുവന്നപ്പോൾ, അത് തന്റെ മകളല്ലെന്ന് അമ്മ കൃഷ്ണ മുഖർജി തിരിച്ചറിഞ്ഞു. തവിട്ടുനിറമുള്ള കണ്ണുകളുള്ള തന്റെ മകളെ കണ്ടെത്തണമെന്ന് അവർ ആശുപത്രി അധികൃതരോട് കർശനമായി ആവശ്യപ്പെടുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് റാണി മറ്റൊരു പഞ്ചാബി കുടുംബത്തിന്റെ മുറിയിലാണെന്ന് കണ്ടെത്തിയത്. ആ കുടുംബത്തിന് ജനിച്ച എട്ടാമത്തെ പെൺകുഞ്ഞിനൊപ്പം അബദ്ധത്തിൽ റാണിയെ കിടത്തിയിരിക്കുകയായിരുന്നു.
ഈ സംഭവം ഇന്നും തമാശരൂപേണ വീട്ടിൽ പറയാറുണ്ടെന്ന് റാണി വെളിപ്പെടുത്തുന്നു. നീ യഥാർത്ഥത്തിൽ ഒരു പഞ്ചാബി കുട്ടിയാണെന്നും അബദ്ധത്തിൽ തന്റെ കുടുംബത്തിലെത്തിയതാണെന്നും അമ്മ തമാശയായി പറയാറുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. ടെലിവിഷൻ അവതാരക സിമി ഗരേവാളിന്റെ പരിപാടിയിലും റാണി ഇക്കാര്യം വിശദീകരിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് തിരിച്ചറിയൽ ടാഗുകൾ ഉണ്ടായിരുന്നുവെങ്കിലും പരിശോധനയ്ക്കു ശേഷം തിരികെ കൊണ്ടുവരുന്നതിലുണ്ടായ പിഴവാണ് ഈ അബദ്ധത്തിന് കാരണമായത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ റാണി, 2014-ൽ ആദിത്യ ചോപ്രയെയാണ് വിവാഹം കഴിച്ചത്. അദിര എന്നൊരു മകൾ കൂടി ഇവർക്കുണ്ട്.