മോസ്കോ: റഷ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഗെലെന്‍ഡ്ഷിക് ബീച്ചിലെ റിസോര്‍ട്ടിന് നേരെ നടന്ന യുക്രെയ്ന് ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം ഏഴ് പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റതായാണ് റഷ്യന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബീച്ചിലെ ജനത്തിരക്കിനിടയിലേക്ക് ഡ്രോണ്‍ പതിക്കുകയും വന്‍ സ്ഫോടനം ഉണ്ടാവുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജനവാസ മേഖലയെ ലക്ഷ്യമിട്ട് യുക്രെയ്ന് മനഃപൂര്‍വം നടത്തിയ ആക്രമണമാണിതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചു. സംഭവത്തില്‍ യുക്രെയ്ന് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധത്തില്‍ സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്ന് ഇരുരാജ്യങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കാറുണ്ടെങ്കിലും, ഇത്തവണയുണ്ടായ ആക്രമണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഒന്‍പത് പേരുടെ നില അതീവ ഗുരുതരമാണെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൈനിക കേന്ദ്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണിതെന്ന് ക്രാസ്നോദര്‍ റീജിയന് ഗവര്‍ണര്‍ വെന്യാമിന്‍ കൊണ്ട്രാറ്റിയേവ് കുറ്റപ്പെടുത്തി. 2022-ല്‍ റഷ്യ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. അടുത്തിടെ റഷ്യയിലെ എണ്ണശുദ്ധീകരണശാലകള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ന് ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വിനോദസഞ്ചാര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം മേഖലയിലെ സ്ഥിതിഗതികളെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുന്നത്.