തിരുവനന്തപുരം: കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ മദ്യവിൽപ്പന ശാലകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12 ഉച്ചയ്ക്ക് 2 മണി വരെയാണ് മദ്യനിരോധനം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ അനു കുമാരി ഉത്തരവിറക്കിയത്.
തിരുവനന്തപുരം കോർപ്പറേഷൻ പരിധി, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ എല്ലാ മദ്യവിൽപ്പനശാലകളും ഈ സമയപരിധിയിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല. ബലിതർപ്പണ ചടങ്ങുകൾക്കായി എത്തുന്ന ഭക്തരുടെ സുരക്ഷയും പ്രദേശത്തെ ക്രമസമാധാനവും മുൻനിർത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി.
തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വലിയ തോതിൽ ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ചടങ്ങുകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് കർക്കടക വാവ് പ്രമാണിച്ച് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.