ചെന്നൈ: പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും വീഡിയോകളും കാണുന്നതിനും തമിഴ്നാട് സർക്കാർ വിലക്കേർപ്പെടുത്തി. സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോൺ സ്പീക്കർ ഉപയോഗിക്കുന്നവരിൽ നിന്ന് 500 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള എം.ടി.സി, എസ്.ഇ.ടി.സി ഉൾപ്പെടെയുള്ള ഇരുപതിനായിരത്തോളം സർക്കാർ ബസുകളിൽ പുതിയ നിർദേശം കർശനമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു. യാത്രക്കാർ പാട്ടുകളും വീഡിയോകളും കേൾക്കാൻ ഇയർഫോണുകളോ ബ്ലൂടൂത്ത് ഹെഡ്ഫോണുകളോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ദീർഘദൂര യാത്രകളിലും തിരക്കേറിയ സമയങ്ങളിലും ഫോൺ സ്പീക്കറിൽ സംസാരിക്കുന്നതും വീഡിയോ കാണുന്നതും മറ്റ് യാത്രക്കാർക്ക് വലിയ അസൗകര്യമുണ്ടാക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനായി എല്ലാ ബസുകളിലും പ്രത്യേക അറിയിപ്പുകൾ പതിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബസുകളുടെ മുൻവാതിലിന് സമീപം, മധ്യഭാഗം, പിൻവാതിലിന് സമീപം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായാണ് നോട്ടീസുകൾ പതിപ്പിക്കുക. സ്പീക്കർ ഉപയോഗിച്ച് ശല്യമുണ്ടാക്കുന്ന യാത്രക്കാരോട് ശബ്ദം കുറയ്ക്കാനോ ഫോൺ ഓഫ് ചെയ്യാനോ ആവശ്യപ്പെടാൻ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017ലെ റൂൾ 5(10), തമിഴ്നാട് മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989ലെ റൂൾ 228 എന്നിവ പ്രകാരമാണ് നടപടി. ചെന്നൈ മെട്രോ റെയിലിലും പൊതുസ്ഥലങ്ങളിൽ സ്പീക്കർ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി 2,500 രൂപ വരെ പിഴ ഈടാക്കുന്ന നടപടി അടുത്തിടെ ആരംഭിച്ചിരുന്നു.