തിരുവനന്തപുരം: കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിന്റെ ശുപാർശക്കത്ത് ഉപയോഗിച്ച് സ്ഥലംമാറ്റത്തിന് ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് ദേവസ്വം ബോർഡിലെ സിപിഎം സർവീസ് സംഘടനയായ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിൽ അച്ചടക്ക നടപടി. സംഘടനയുടെ നേതാവും നിലവിൽ അസിസ്റ്റന്റ് കമ്മീഷണറുമായ ശ്രീക്കുട്ടനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കൊട്ടാരക്കര ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ശുപാർശക്കത്ത് വാങ്ങി ദേവസ്വം മന്ത്രിക്ക് സമർപ്പിച്ചു എന്നതാണ് ശ്രീക്കുട്ടനെതിരായ പ്രധാന ആരോപണം. ഈ ശുപാർശക്കത്ത് പുറത്തുവന്നതോടെയാണ് സിപിഎം അനുബന്ധ സർവീസ് സംഘടന കർശന നടപടിക്ക് തീരുമാനിച്ചത്.
ദേവസ്വം ബോർഡിലെ മുൻ സിപിഎം അംഗം കെ. രാഘവന്റെ പേഴ്സണൽ അസിസ്റ്റന്റായും ശ്രീക്കുട്ടൻ മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംഘടനാതലത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.