ന്യൂഡൽഹി: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനും പൊതുഖജനാവിലെ പണം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനുമായി കേന്ദ്ര സർക്കാർ പുതിയ കർശന നയം നടപ്പാക്കി. ‘ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം’ (One Officer, One Official Car) എന്ന നയം സംബന്ധിച്ച ഉത്തരവ് ധനമന്ത്രാലയത്തിന് കീഴിലുള്ള ഓഫീസ് ഓഫ് എക്സ്പെൻഡീച്ചറാണ് പുറപ്പെടുവിച്ചത്.
പുതിയ നയം അനുസരിച്ച്, ഒരു ഉദ്യോഗസ്ഥന് ഇതിനകം ഒരു ഔദ്യോഗിക വാഹനം അനുവദിച്ചിട്ടുണ്ടെങ്കിൽ, മറ്റൊരു മന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ കീഴിൽ അധിക ചുമതല ലഭിച്ചാലും രണ്ടാമതൊരു വാഹനം അനുവദിക്കുന്നതല്ല. ഇതേ നിബന്ധന പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇത്തരത്തിൽ അധിക ചുമതലയുള്ള ഉദ്യോഗസ്ഥർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സർക്കാർ വിഭവങ്ങളുടെ അനാവശ്യ വിനിയോഗം ഒഴിവാക്കി ഭരണസംവിധാനത്തിൽ സുതാര്യതയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. 2022-ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് കൂടുതൽ വ്യക്തതയും ശക്തിയും നൽകിക്കൊണ്ടാണ് പുതിയ ക്രമീകരണം നടപ്പിലാക്കുന്നത്. പൊതുപണത്തിന്റെ മികച്ച മാനേജ്മെന്റിനും സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഈ പരിഷ്കാരം സഹായകമാകുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.